ബന്ദികളാക്കപ്പെട്ട ഇന്ത്യൻ നാവികരെ കാണാനുള്ള അനുമതി തേടി; കേന്ദ്രമന്ത്രി വി. മുരളീധരൻ
ഇക്വറ്റോറിയൽ ഗനിയിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഹൈകമ്മീഷണറുമായി സംസാരിച്ചുവെന്നും കപ്പലിൽ പോയി നേരിട്ട് അവരെ കാണാനുള്ള അനുമതി തേടിയെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ മോചനത്തിന് വിവിധ തലങ്ങളിൽ ഇടപെടൽ നടത്തുകയാണ്.
എത്രയും പെട്ടെന്ന് ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷ. രണ്ട് തവണ എംബസി ഉംദ്യോഗസ്ഥർ അവരെ നേരിട്ട് കണ്ടിരുന്നു. ബന്ധുക്കളുടെ ആശങ്ക പരിഹരിക്കും. അവരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. എത്രയും പെട്ടെന്ന് ബന്ദികളാക്കപ്പെട്ടവരെ നാട്ടിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ കെ പി ഓ ടെർമിനലിൽ ക്രൂഡോയിൽ നിറയ്ക്കാൻ എത്തിയ കപ്പൽ ഗിനിയാ സേനയുടെ പിടിയിലായത്. 26 പേർ അടങ്ങുന്ന സംഘത്തിൽ 16 പേർ ഇന്ത്യക്കാരാണ്. ഇതിൽ കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പടെ മൂന്നുപേർ മലയാളികളാണ്.