Tuesday, January 7, 2025
National

ചെന്നൈയിൽ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച സംഭവം; കൊലപാതകത്തിന് പിന്നിൽ മരുമകൾ

ചെന്നൈയിൽ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. രാജസ്ഥാൻ സ്വദേശികളായ ദളിചന്ദ്, ഭാര്യ പുഷ്പ, മകൻ ശീതൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ശീതളിന്റെ ഭാര്യ ജയമാലയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഭർത്താവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊലപ്പെടുത്തി ഒളിവിൽ പോയ ജയമാലക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്‌നം ചർച്ച ചെയ്ത് തീർക്കുന്നതിനായാണ് ജയമാലയെ വീട്ടിലേക്ക് വിളിച്ചത്. എന്നാൽ ചർച്ചക്കിടെ തർക്കം ഉടലെടുക്കുകയും ജയമാലയും സഹോദരൻമാരും ചേർന്ന് ഇവരെ വെടിവെച്ചു കൊല്ലുകയുമായിരുന്നു. പൂനെ സ്വദേശിയാണ് ജയമാല.

സൈലൻസർ ഘടിപ്പിച്ച തോക്ക് കൊണ്ടാകാം വെടിയുതിർത്തതെന്നാണ് സൂചന. അയൽവക്കക്കാരൊന്നും വെടിശബ്ദം കേട്ടിരുന്നില്ല. ശീതളും ജയമാലയും തമ്മിലുള്ള വിവാഹ മോചന കേസ് കോടതിയിൽ നടക്കുകയാണ്. അഞ്ച് കോടി രൂപയാണ് ജയമാല ജീവനാംശമായി ആവശ്യപ്പെട്ടത്. ഇതിൽ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു

ഇത് പറഞ്ഞു തീർക്കാനെന്ന പേരിൽ ജയമാല, സഹോദരങ്ങളായ വികാസ്, കൈലാസ് എന്നിവർ എത്തുകയായിരുന്നു. ചർച്ചക്കിടെ കൈയിൽ കരുതിയിരുന്ന തോക്കെടുത്ത് ജയമാല വെടിയുതിർത്തു. തുടർന്ന് ഒന്നും സംഭവിക്കാത്ത പോലെ ഇവർ പുറത്തിറങ്ങുകയും ചെന്നൈയിൽ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. മരണവിവരം പുറത്തറിഞ്ഞത് രാത്രിയോടെയാണ്. അപ്പോഴേക്കും പ്രതികൾ നാട് വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *