മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഒന്നര മാസം മുമ്പ് വീട്ടിൽ യോഗ ചെയ്യുന്നതിനിടെ വീണുപരുക്കേറ്റ അദ്ദേഹം ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. എഐസിസി ജനറൽ സെക്രട്ടറി, കർണാടക പിസിസി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.