സൗജന്യ മൊബൈൽ പദ്ധതിയിലൂടെ ഫോൺ നൽകാമെന്ന് കബളിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥൻ 17 കാരിയെ പീഡിപ്പിച്ചു
രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി ആരോപണം. സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം സൗജന്യമായി മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞാണ് പ്രതി 17 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ഗ്രാമവാസികൾ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. നിലവിൽ ഇയാൾ ഒളിവിലാണെന്നാണ് വിവരം.
രാജസ്ഥാനിലെ കരൗലി ജില്ലയിലെ തോഡഭിം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തോഡഭീമിലെ ജലവിതരണ വകുപ്പ് ഓഫീസിൽ കാഷ്യറായി ജോലി ചെയ്യുന്ന വസീർപൂർ സ്വദേശിയായ സുനിൽ ജംഗിദ് (35) ആണ് 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഓഗസ്റ്റ് 10 ന് രാവിലെ 11 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തി സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം മൊബൈൽ ഫോൺ സൗജന്യമായി നൽകാമെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നു.
ഈ സമയം പെൺകുട്ടി തനിച്ചായിരുന്നു. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും ജോലിക്ക് പോയതോടെയാണ് പെൺകുട്ടി വീട്ടിൽ തനിച്ചായത്. കുട്ടിയെ തോഡഭീമിന് നേരെ സുഹൃത്തിന്റെ മുറിയിലേക്ക് കൊണ്ടുപോയി അവിടെവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തി. ശേഷം പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് ഓഫീസിലേക്ക് പോയി. വീട്ടിലെത്തിയ പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിച്ചു.
തുടർന്ന് ഗ്രാമവാസികൾ ഓഫീസിലെത്തി പ്രതിയായ കാഷ്യറെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച ശേഷം വിട്ടയച്ചു. പിന്നീട് പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ പ്രതി ഒളിവിലാണെന്നും, പ്രതിക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.