ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
രാജ്യതലസ്ഥാനത്ത് കോളജ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി. പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 20 കാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കാമുകനോടൊപ്പമുള്ള യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ, വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പ്രശാന്ത് വിഹാറിലെ അപ്പാർട്ട്‌മെന്റിന് സമീപം കഴിഞ്ഞയാഴ്ചയാണ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. ജൂലായ് ഏഴിന് യുവതിയും കാമുകനും കാറിൽ ഒന്നിച്ചിരിക്കുന്ന വീഡിയോ പ്രതി മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് ബൈക്കിൽ അവരെ പിന്തുടർന്ന് അപ്പാർട്ട്മെന്റിന് പുറത്ത് കാത്തുനിന്നു.
കാമുകൻ പോയതിന് ശേഷം അപ്പാർട്ട്‌മെന്റിലേക്ക് പ്രവേശിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ തടഞ്ഞു. പൊലീസുകാരനാണെന്ന് അവകാശപ്പെട്ട പ്രതി, കാമുകനൊപ്പമുള്ള യുവതിയുടെ വീഡിയോ കാണിക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
പിന്നീട് അപ്പാർട്ട്മെന്റിൻ്റെ കോണിപ്പടിയിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം രക്ഷപ്പെടുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രവി സോളങ്കി എന്നയാൾ വ്യാഴാഴ്ചയാണ് അറസ്റ്റിലായത്.