ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധം; ഏക സിവിൽ കോഡിനെതിരെ തമിഴ്നാട്, നിയമ കമ്മീഷന് കത്തയച്ച് സ്റ്റാലിന്‍
ചെന്നൈ: ഏക സിവിൽ കോഡിനെതിരെ തമിഴ്നാട്. ചരിത്രബോധമില്ലാത്ത നടപടികളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ നിയമ കമ്മീഷന് കത്തയച്ചു. ഏക സിവിൽ കോഡ് ബഹുസ്വരതയ്ക്കും സാമുദായികസാഹോദര്യത്തിനും ഭീഷണിയാകും. ഏക നിയമം അടിച്ചേല്പിക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധം ആണ്. രാജ്യത്തിന്റെ ശക്തി വൈവിദ്ധ്യം ആണെന്നും ഒരേനിയമം അല്ല, തുല്യഅവസരം ആണ് പൗരന്മാർക്ക് ആദ്യം ഉറപ്പാക്കേണ്ടതെന്നും സ്റ്റാലിൻ പറഞ്ഞു. ഈ വിഷയത്തിൽ ഒരു സംസ്ഥാനം നിയമ കമ്മീഷന് കത്ത് അയക്കുന്നത് ആദ്യമാണ്. കഴിഞ്ഞ ദിവസം ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുകനും കമ്മീഷന് കത്തയച്ചിരുന്നു
അതേ സമയം, ഏക സിവിൽ കോഡിൽ നിയമ കമ്മീഷന് മറുപടി നൽകി മുസ്‌ലിംലീഗ്. ജനങ്ങൾക്കിടയിൽ സ്പർദ്ധയും വർഗ്ഗീയ ധ്രുവീകരണവും മാത്രമാണ് ഏക സിവിൽ കോഡിലെ പുതിയ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുമെന്നും ലീഗ് കുറ്റപ്പെടുത്തി. ഏക സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ ആശയത്തിന് വിരുദ്ധമാണ്. 1937 ലെ ശരീഅത്ത് ആക്ട് പ്രകാരം ശരീഅത്ത് നിയമം പിന്തുടരാമെന്ന് സ്വമേധയാ പ്രഖ്യാപനം നടത്തിയവർക്കെല്ലാം ശരീഅത്ത് നിയമം ബാധകമാണെന്നും അല്ലാത്തവർക്ക് മറ്റു നിയമങ്ങൾ പിന്തുടരാമെന്നും അംബേദ്കർ വിശദീകരിക്കുന്നു. ആ വിശദീകരണത്തിലൂടെ ശരീഅത്ത് നിയമം ആഗ്രഹിക്കുന്നവർക്ക് അതിന് തടസമാകുന്ന തരത്തിൽ ഏകീകൃത സിവിൽകോഡ് ഉണ്ടാകില്ലെന്ന ഉറപ്പാണ് നൽകുന്നതെന്നും കത്തിലുണ്ട്.
അതേ സമയം, സിവിൽ കോഡ് പാർലമെന്റിൽ വന്നാൽ ഒറ്റക്കെട്ടായി എതിർക്കണമെന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ലീഗ് ഉന്നയിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോൺഗ്രസ് എതിർക്കും. അത് തന്നെയാണ് അവരുടെ നിലപാട്. കേരളത്തിലെ സെമിനാറുകളുടെ പേരിൽ തർക്കമാവശ്യമില്ല. ഇത് ഒരു ദേശീയ പ്രശ്നം ആണ്. ഏക സിവിൽ കോഡിനെ ആ രീതിയിൽ സമീപിക്കണം. മാധ്യമാ സ്വാതന്ത്ര്യത്തിന്റെ പേരിൽ ചില ഓൺലൈൻ ചാനലുകൾ വർഗീയത പറയുന്നു. അവർ വർഗീയത മാത്രം പ്രചരിപ്പിക്കുന്നു. അവരെ എല്ലാ കാലവും ലീഗ് എതിർക്കും. മുഖ്യധാര മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.