ധ്രുവീകരണം തിരിച്ചടിയായി, പ്രമുഖരെ മാറ്റിനിര്‍ത്തി; കര്‍ണാടകയില്‍ ബിജെപിക്ക് തെറ്റിയ അടവുകള്‍
കര്‍ണാടക രാഷ്ട്രീയം അടക്കിവാഴുമെന്ന് കരുതിപ്പോന്ന ബിജെപ്പിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ അത് സ്വപ്‌നതുല്യമായി. വിവാദങ്ങള്‍ വേരോടെ ബിജെപിയെ തിരിച്ചടിച്ചത് തോല്‍വിക്ക് ആക്കം കൂട്ടുകയും ചെയ്തു.
ശക്തമായ മുഖം അവതരിപ്പിക്കാന്‍ കഴിയാതെ പോയി
സംസ്ഥാനത്ത് ശക്തമായ രാഷ്ട്രീയ മുഖമില്ലാത്തതാണ് കര്‍ണാടകയിലെ ബിജെപിയുടെ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ മാറ്റി ബസവരാജ് ബൊെമ്മയെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ മാറ്റത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ ജനങ്ങള്‍ പ്രതീക്ഷിച്ചത് എത്തിക്കുന്നതില്‍ ബൊെമ്മ പരാജയപ്പെട്ടു. കോണ്‍ഗ്രസിന് ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും പോലുള്ള ശക്തരായ മുഖങ്ങളുണ്ടെന്നതും ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
പ്രമുഖ നേതാക്കളെ മാറ്റിനിര്‍ത്തി
കര്‍ണാടക ബിജെപിയെ വളര്‍ത്തുന്നതില്‍ നര്‍ണായക പങ്കുവഹിച്ച മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ ഈ തെരഞ്ഞെടുപ്പ് വേളയില്‍ മാറ്റിനിര്‍ത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്കും ബിജെപി ടിക്കറ്റ് നിഷേധിച്ചു. ഇതോടെയാണ് ഇരു നേതാക്കളും മത്സരരംഗത്തേക്ക് വരുന്നതിന് മുമ്പ് കോണ്‍ഗ്രസില്‍ ചേരുന്നത്. ബിഎസ് യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി എന്നീ മൂന്ന് നേതാക്കളും സംസ്ഥാനത്തെ പ്രബലമായ ലിംഗായത്ത് സമുദായത്തെ പ്രതിനിധീകരിക്കുന്നവരാണ്. ഈ നേതാക്കളെ തള്ളിക്കളഞ്ഞത് ബിജെപിക്ക് തിരിച്ചടിയായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ലിംഗായത്ത് സമുദായത്തെ നിരാശപ്പെടുത്തിയ ബിജെപി
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. വലിയ വോട്ട് വിഹിതമുള്ള പ്രബല സമുദായങ്ങളില്‍ നിന്ന് വോട്ട് ഉറപ്പാക്കാന്‍ ബിജെപിക്കായില്ല. ഇതിനുത്തമ ഉദാഹരണമാണ് ലിംഗായത്ത്. ദളിത്, ആദിവാസി, ഒബിസി, മുസ്ലിം, വൊക്കലിംഗ സമുദായങ്ങളിലെ വോട്ടര്‍മാരെയും ഒപ്പം നിര്‍ത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടു. ഈ സമയത്ത് മുസ്ലിം, ദളിത്, ഒബിസി വോട്ടുകള്‍ സ്വന്തം പാളയത്തിലേക്ക് എത്തിക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു.
മതധ്രുവീകരണം തിരിച്ചടിയായി
ഹലാല, ഹിജാബ്, ഹനുമാന്‍ തുടങ്ങിയ വിവാദ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ബിജെപിയുടെ മുഴുവന്‍ പ്രചാരണവും. എന്നാല്‍ ഇവ കര്‍ണാടകയില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചില്ല. ഉത്തരേന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നന്നായി പ്രവര്‍ത്തിച്ചേക്കാവുന്ന ബിജെപിയുടെ ഹിന്ദുത്വ കാര്‍ഡ് കര്‍ണാടകയില്‍ പ്രവര്‍ത്തിക്കാത്തതും ബിജെപിക്ക് തിരിച്ചടിയായി.
അഴിമതി ആരോപണങ്ങള്‍
ബിജെപിയുടെ അഴിമതി ഉയര്‍ത്തിക്കാട്ടാന്‍ ആദ്യം മുതല്‍ കോണ്‍ഗ്രസ് പ്രയോഗിച്ച ’40 ശതമാനം അഴിമതി സര്‍ക്കാര്‍’ എന്ന ടാഗ് ജനശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കെഎസ് ഈശ്വരപ്പ അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചതും തിരിച്ചടിയായി. സംസ്ഥാന കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനും പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഭരണ വിരുദ്ധ തരംഗം
കര്‍ണാടകയിലെ ബിജെപിയുടെ തോല്‍വിയുടെ പ്രധാന കാരണം ഭരണവിരുദ്ധ തരംഗത്തെ നേരിടാന്‍ കഴിയാത്തതായി വിലയിരുത്തപ്പെടുന്നു. വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ വലിയ തോതില്‍ പരാജയപ്പെട്ടതോടെ ജനങ്ങളില്‍ ഭരണവിരുദ്ധ വികാരം ഉയര്‍ന്നു.