Thursday, January 9, 2025
Kerala

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് കോഴിക്കോട് ബീച്ചില്‍ തുടക്കം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് കോഴിക്കോട് ബീച്ചില്‍ തുടക്കമായി. ഘോഷയാത്രയ്ക്ക് അഴകും പൊലിമയുമേകാന്‍ ചെണ്ടമേളവും പുലികളിയും മേളയുടെ ആകര്‍ഷണമായി.

പഞ്ചവാദ്യം, കാവടിയാട്ടം, നിശ്ചല ദൃശ്യം, തെയ്യം, കോല്‍ക്കളി, വട്ടപ്പാട്ട്, പൂരക്കളി തുടങ്ങി വിവിധ കലാരൂപങ്ങളും കലാപ്രകടനങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. മാനാഞ്ചിറ ബിഇഎം സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബാന്‍ഡ് മേളത്തില്‍ ഒന്നാം സ്ഥാനം നേടിയ ആംഗ്ലോ ഇന്ത്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ബാന്‍ഡ് സംഘവുമുണ്ടായിരുന്നു.

മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിഡിയോ ലോഞ്ച് ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. പ്രതിസന്ധിഘട്ടത്തിലും എല്ലാ മേഖലകളിലും മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ സര്‍ക്കാരിനായെന്ന് മന്ത്രി പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ബീന ഫിലിപ്, ബിനോയ് വിശ്വം എംപി, എംഎല്‍എമാരായ ടി.പി.രാമകൃഷ്ണന്‍, കെ.എം.സച്ചിന്‍ദേവ്, കെ.പി.കുഞ്ഞഹമ്മദ്കുട്ടി, കലക്ടര്‍ എ.ഗീത, സബ് കലക്ടര്‍ വി.ചെല്‍സാസിനി, ജില്ലാ വികസന കമ്മിഷണര്‍ എം.എസ്.മാധവിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 69 വകുപ്പുകളുടെതായി 190 സ്റ്റാളുകള്‍ കോഴിക്കോട് ബീച്ചില്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *