കര്‍ണാടകയില്‍ മലയാളി വിജയത്തിളക്കം; രണ്ട് പേര്‍ ജയിച്ചു; എന്‍ എ ഹാരിസ് വിജയത്തിന് തൊട്ടരികെ
കര്‍ണാടകയില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുന്നതിനിടെ മൂന്ന് മലയാളികള്‍ക്കും വിജയത്തിളക്കം. മലയാളികളായ കെ ജെ ജോര്‍ജും യു ടി ഖാദറും വിജയിച്ചു. എന്‍ എ ഹാരിസിന്റെ മുന്നേറ്റം തുടരുകയാണ്.
ദക്ഷിണ കന്നഡയിലെ മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി യു ടി ഖാദര്‍ ജനവിധി തേടിയത്. മംഗളൂരു മണ്ഡലത്തില്‍ നിന്ന് നാല് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം തീരദേശ കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ അതിശക്തനായ നേതാവാണ്. 40361 വോട്ടുകളാണ് ധാഗര്‍ നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ സതീഷ് കുമ്പള 24433 വോട്ടുകളും നേടി.
കര്‍ണാടകയിലെ സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മലയാളിയുമായ കെ ജെ ജോര്‍ജ് വിജയിച്ചത്. മുന്‍ മന്ത്രി കൂടിയായ കെ ജെ ജോര്‍ജ് 2013ലും കര്‍ണാടകയില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയിരുന്നു. ഇത്തവണ ബിജെപിയുടെ പദ്മനാഭ റെഡ്ഡിയും ജെഡിഎസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുസ്തഫയുമായിരുന്നു കെ ജെ ജോര്‍ജിന്റെ എതിരാളികള്‍.
നാലപ്പാട് അഹമ്മദ് ഹാരിസെന്ന എന്‍ എ ഹാരിസ് കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. ശാന്തി നഗര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ മത്തായിയും മലയാളി തന്നെയാണ്. അവസാന ഘട്ട ഫലങ്ങള്‍ വരുമ്പോള്‍ ഹാരിസ് കൃത്യമായ ലീഡ് നിലനിര്‍ത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്.