Thursday, January 23, 2025
National

ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04മായി പിഎസ്എല്‍വി-സി52 തിങ്കളാഴ്ച കുതിക്കും

 

ശ്രീഹരിക്കോട്ട: ആറു മാസത്തെ ഇടവേളയ്ക്കുശേഷം മറ്റൊരു വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി52 ന്റെ വിക്ഷേപണം 14നു രാവിലെ 5.59നു നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപത്തറയില്‍നിന്നാണ് റോക്കറ്റ് കുതിച്ചുയരുക.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി-സി52 റോക്കറ്റിന്റെ പ്രധാന ദൗത്യം. 1710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-04 ഉപഗ്രഹം 529 കിലോമീറ്റര്‍ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തിലേക്കാണ് റോക്കറ്റ് എത്തിക്കുക.

മറ്റു രണ്ട് ഉപഗ്രഹങ്ങളെക്കൂടി പിഎസ്എല്‍വി-സി52 വഹിക്കും. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) വിദ്യാര്‍ഥികള്‍ കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്മോസ്‌ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍സ്പയര്‍ സാറ്റ്-1, ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത ഉപഗ്രഹമായ ഐഎന്‍എസ്-2ബിയുടെ മുന്‍ഗാമിയായ ഐഎസ്ആര്‍ഒയുടെ സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹമായ ഐഎന്‍എസ്-2ടിഡി എന്നിവയാണ് അവ.

കൃഷി, വനം, തോട്ടങ്ങള്‍, മണ്ണിന്റെ ഈര്‍പ്പം, ഭൂമിയുടെ ഉപരിതലത്തിലും താഴെയുമുള്ള വെള്ളത്തിന്റെ വിതരണത്തെയും ഒഴുക്കിനെയും കുറിച്ചുള്ള പഠനം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത റഡാര്‍ ഇമേജിങ ഉപഗ്രഹമാണ് ഇഒഎസ്-04. എല്ലാ കാലാവസ്ഥയിലും ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്‍കാന്‍ ഉപഗ്രഹത്തിനു കഴിയും.

പിഎസ്എല്‍വി-സി 52 വിക്ഷേപത്തിനുള്ള കൗണ്ട് ഡൗണ്‍ നാളെ 04:29ന് ആരംഭിക്കും. കൗണ്ട് ഡൗണ്‍ 25.5 മണിക്കൂര്‍ നീളും. വിക്ഷേപണം ഐഎസ്ആര്‍ഒയുടെ വെബ്‌സൈറ്റിലൂടെയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും തത്സമയം കാണാനാവും.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12നാണ് ഐഎസ്ആര്‍ഒ അവസാനമായൊരു വിക്ഷേപണം നടത്തിയത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03യെ ജിഎസ്എല്‍വി എഫ്10 റോക്കറ്റിന് ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്രയോജനിക് ഘട്ടത്തിലെ പിഴവാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായത്. വിക്ഷേപണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായിരുന്നെന്നും എന്നാല്‍ സാങ്കേതികമായ അപാകതയെത്തുടര്‍ന്ന് ഉയര്‍ന്ന ക്രയോജനിക് ഘട്ടത്തില്‍ ജ്വലനം നടക്കാത്തതുമൂലം റോക്കറ്റിന് ഉപഗ്രഹത്തെ നിര്‍ദിഷ്ട ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ഐഎസ്ആര്‍ഒ അറിയിക്കുകയായിരുന്നു.

വിവര വിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ്-4 ബി ഐഎസ്ആര്‍ഒ ജനുവരി 24നു വിജയകരമായി ഡീ കമ്മിഷൻ ചെയ്തിരുന്നു. ദൗത്യത്തിനുശേഷം ഭ്രമണപഥത്തില്‍നിന്നു നീക്കുന്ന ഇന്ത്യയുടെ 21-ാമത് ഭൂസ്ഥിര ഉപഗ്രഹമാണിത്. ഐക്യരാഷ്ട്ര സഭയുടെയും ഇന്റര്‍ ഏജന്‍സി സ്പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റി(ഐഎഡിസി)യുടെയും മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രക്രിയ നടപ്പാക്കിയത്. 2007 ല്‍ വിക്ഷേപിച്ച 3025 കിലോയുള്ള ഉപഗ്രഹം 14 വര്‍ഷം ഭ്രമണപഥത്തില്‍ തുടര്‍ന്നശേഷമാണ് ഭ്രമണപഥത്തില്‍നിന്ന് നീക്കിയത്.

ഐഎഡിസി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, കാലാവധി കഴിയുന്ന ബഹിരാകാശ വസ്തുക്കള്‍ 100 വര്‍ഷത്തിനുള്ളില്‍ സംരക്ഷിത മേഖലയിലേക്കു തിരിച്ചുവരുന്നതു തടയാന്‍ ജിയോ ബെല്‍റ്റിന് മുകളില്‍ ഏതാണ്ട് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തണം. ഏറ്റവും കുറഞ്ഞ ഭ്രമണപഥം ഉയര്‍ത്തേണ്ടത് 273 കിലോമീറ്ററായിരുന്നു. ജനുവരി 17 മുതല്‍ 23 വരെ നടത്തിയ 11 ഭ്രമണപഥ മാറ്റല്‍ പ്രക്രിയയിലൂടെ ലക്ഷ്യം കൈവരിച്ചു. ഏകദേശം 340 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ അവസാനമെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *