സ്വർണ്ണം അരപ്പട്ട രൂപത്തിലാക്കി, ജീൻസിനുള്ളിൽ തുന്നി വച്ചു; മലപ്പുറം സ്വദേശി നെടുമ്പാശ്ശേരിയില്‍ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസിന്‍റെ സ്വർണവേട്ട. 14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വർണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദാണ് കസ്‌റ്റംസിന്റെ പിടിയിലായത്. സ്വർണ്ണം അരപ്പട്ട രൂപത്തിലാക്കി ജീൻസിനുള്ളിൽ തുന്നി വച്ചാണ് മുഹമ്മദ് കടത്താൻ ശ്രമിച്ചത്.
ദുബായിൽ നിന്നുമാണ് മുഹമ്മദ് ദിവസം കൊച്ചി വിമാനത്താവളത്തിലെത്തിയത്. സ്വർണം വിവിധ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവരുന്നത് കൂടിയതിനെ തുടർന്ന് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് അധികൃതർ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയിലാണ് മലപ്പുറം സ്വദേശി പിടിയിലാകുന്നത്. സംശയം തോന്നിയ മുഹമ്മദിനെ പരിശിധോച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിലും കസ്റ്റംസ് വന്‍ സ്വര്‍ണ്ണവേട്ട നടത്തിയിരുന്നു. കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി റൈസ് കുക്കർ, എയർ ഫ്രൈയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 2.55 കോടിയുടെ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. 4.65 കിലോ വരുന്ന സ്വർണ്ണമാണ് രണ്ടു യാത്രക്കാരിൽ നിന്നായി പിടികൂടിയത്. കാപ്പാട് സ്വദേശിയായ ഇസ്മയിൽ, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് സ്വര്‍ണ്ണം കടത്തിയത്.