മകരവിളക്ക് സുരക്ഷയ്ക്ക് 2000 പൊലീസുകാരെ വിന്യസിച്ചു; ദർശനത്തിന് ശേഷം പുറത്തേക്ക് രണ്ടു വഴികൾ
ശബരിമല മകരവിളക്ക് സുരക്ഷയ്ക്ക് 2000 പൊലീസുകാരെ വിന്യസിച്ചെന്ന് സ്പെഷ്യൽ ഓഫീസർ ഇ എസ് ബിജിമോൻ അറിയിച്ചു. മകരവിളക്ക് ദർശനം കഴിഞ്ഞ് പുറത്തേക്ക് പോകാൻ രണ്ടുവഴികളുണ്ട്. മകരവിളക്ക് ദർശനം കഴിഞ്ഞ് പുറത്തേക്ക് പോകാൻ രണ്ട് വഴികളാണ് ഉള്ളത്. അന്നദാന മണ്ഡപത്തിന് സമീപത്ത് കൂടി ഭക്തർക്ക് പുറത്തേക്ക് കടക്കാം. മറ്റൊരു വഴി വയർലസ് സ്റ്റേഷന് സമീപത്തുകൂടിയും ദർശനം കഴിഞ്ഞ് പുറത്തേക്ക് കടക്കാം. ഭക്തർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്, അപ്പം അരവണ വിതരണത്തിൽ പ്രതിസന്ധിയില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
‘മുൻപ് ഒരിക്കലും ഉണ്ടാകാത്ത ഭക്തജന പ്രവാഹമാണ് ഇക്കൊല്ലം ശബരിമലയിൽ ഉണ്ടായത്. എല്ലാ ഭക്തന്മാർക്കും സുഗമദർശനം നടത്താവുന്ന ഇടപെടലുകളാണ് ദേവസ്വം ബോർഡും ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളും ചേർന്ന് നടത്തിയിട്ടുള്ളത്. അന്നദാനത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട് അപ്പം അരവണ വിതരണത്തിൽ പ്രതിസന്ധിയില്ല’- ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു.
അതേസമയം നാളെ മകരവിളക്ക്. മകരവിളക്കിനായി ശബരിമല സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. മകര ജ്യോതി ദർശനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ അയ്യപ്പ സന്നിധിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നടക്കും. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവും നടക്കും. ഇന്നും നാളെയും വേർച്വൽ ബുക്കിങ് ഉണ്ടായിരിക്കില്ല. 2000 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്.
പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകുന്നേരം 5.30 ന് ശരംകുത്തിയിലെത്തും. പുലർച്ചെ രണ്ട് മണിക്ക് അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. ഇന്നലെ വിവിധ ഇടങ്ങളിൽ ആയിരക്കണക്കിനാളുകളാണ് തിരുവാഭരണം ദർശിക്കാനും സ്വീകരണം നൽകാനും ഉണ്ടായിരുന്നത്. ളാഹ സത്രത്തിലാണ് ഇന്ന് രാത്രിയിൽ വിശ്രമം. നാളെ കാനന പാത വഴി സഞ്ചരിച്ച് ഘോഷയാത്ര സന്നിധാനത്തെത്തും. പന്തളം കൊട്ടാര കുടുംബാംഗം മരിച്ചതിനാൽ രാജപ്രതിനിധി ഇല്ലാതെയാണ് ഘോഷയാത്ര.