നിയമസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചു; പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടി
കേരളത്തിൽ ഏപ്രിൽ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെ ഒഴിവ് വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കൊവിഡിന്റെ സാഹചര്യത്തിൽ കേരളത്തിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 40, 771 പോളിംഗ് ബൂത്തുകളുണ്ടാകും
പോളിംഗ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പോളിംഗ്. ഒരു മണ്ഡലത്തിൽ ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കും. പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കൂ. വീടുകൾ കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേരും വാഹന റാലികളിൽ അഞ്ച് വാഹനങ്ങൾക്കും പങ്കെടുക്കാം. റോഡ് ഷോ ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് നടത്താം