Tuesday, January 7, 2025
National

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; അടിയന്തര സാഹചര്യങ്ങള്‍ക്ക് തയ്യാറാകാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളോടും തദ്ദേശ സര്‍ക്കാരുകളോടും അടിയന്തര സാഹചര്യങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ബോര്‍ഡ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഡല്‍ഹിയില്‍ ഏതാനും ദിവസമായി കടുത്ത മൂടല്‍മഞ്ഞും പുകയും വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല, ചൂടും കാറ്റും കുറയുകയും ചെയ്തു. നഗരത്തില്‍ വിഷപ്പുക നിറഞ്ഞിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തിയിലെ സംസ്ഥാനങ്ങളില്‍ വയല്‍ കത്തിക്കല്‍ രൂക്ഷമായതോടെ പുകശല്യവും വര്‍ധിച്ചു. പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്(എക്യുഐ) 470 ആയിരിക്കുകയാണ്.

വായുമലിനീകരണത്തിന്റെ തോത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലാണ്. പ്രത്യേകിച്ച് ഗുരുതര രോഗബാധയുള്ളവര്‍ക്ക്. ശ്വാസകോശ രോഗങ്ങളുളളവരുടെ സ്ഥിതി അതീവ ഗുരുതരമായേക്കും.

വായുമലിനീകരണം ഇതേ മട്ടില്‍ തുടരുകയാണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ നടപടി തുടങ്ങേണ്ടിവരും. സ്‌കൂളുകള്‍ അടച്ചിടുന്നതും വഹാനങ്ങളുടെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണവുമാണ് പരിഗണനയിലുള്ളത്. കൂടാതെ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടിവരും.

സ്വകാര്യ കമ്പനികളോട് വാഹന ഉപയോഗം 30 ശതമാനം കുറയ്ക്കാന്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയില്‍ തന്നെ തദ്ദേശ അധികാരികള്‍ ഇഷ്ടികക്കളങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു. മാലിന്യം കത്തിക്കുന്നതും വിലക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *