Monday, January 6, 2025
Health

ഹൃദയാഘാതത്തിൽ പ്രധാനം ആ 10 സെക്കൻഡ്; അറിഞ്ഞിരിക്കാം ഈ അടിയന്തര ചികിത്സ

 

കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ മരണം ഉയർത്തുന്ന ഗൗരവമേറിയ ഒരു ചോദ്യമുണ്ട്: ഹൃദയാഘാതമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ ഇടപെടണം?

2021 ജൂൺ 12: യൂറോ കപ്പിൽ ഡെൻമാർക്ക്– ഫിൻലൻഡ് മത്സരത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. കളിക്കിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ മൈതാനത്തിൽ കുഴഞ്ഞു വീഴുന്നതു ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ശ്വാസമടക്കി പിടിച്ചാണു കണ്ടത്. പിന്നീടായിരുന്നു ഏറ്റവും നിർണായകമായ ഇടപെടൽ.

കൃത്യ സമയത്ത്, ശരിയായ രീതിയിലുള്ള കാർഡിയോപൾമണറി റെസസിറ്റേഷൻ അഥവാ സിപിആർ എന്ന ജീവൻ രക്ഷാ മാർഗമാണ് എറിക്സനെ ജീവിതത്തിലേക്കു തിരികെയെത്തിച്ചത്. സിപിആർ ചെയ്യാൻ ഒരൽപം വൈകിയിരുന്നെങ്കിൽ, അഥവാ ചെയ്തതു ശരിയായ രീതിയിൽ അല്ലായിരുന്നെങ്കിൽ…

എന്താണ് സിപിആർ ?

ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തികൾക്ക് അടിയന്തരമായി കൃത്രിമ ശ്വസന സഹായം നൽകുന്നതാണു സിപിആർ. ഹൃദയാഘാതം സംഭവിച്ച ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാകുന്നതു വരെ തലച്ചോറിന്റെ പ്രവർത്തനം നിലനിർത്താനുള്ള രീതിയാണിത്. നെഞ്ചിൽ ശക്തിയായി അമർത്തുന്നതും വായിലൂടെ കൃത്രിമ ശ്വാസം നൽകുന്നതുമുൾപ്പെടെയുള്ളവ സിപിആറിൽ ഉൾപ്പെടുന്നു.

ഓരോരുത്തരും സിപിആർ പഠിച്ചിരിക്കേണ്ടത് ആവശ്യമാണ്. വീടുകളിൽ, റോഡുകളിൽ, ഓഫിസുകളിൽ, പൊതു സ്ഥലങ്ങളിൽ… എപ്പോൾ േവണമെങ്കിലും സിപിആർ ആവശ്യമായി വരാം.

കേരള പൊലീസിന്റെ നേതൃത്വത്തിൽ സേനയിലെ അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി ഇന്ന് 10നു ടൗൺഹാളിൽ സിപിആർ പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കൊച്ചി കേന്ദ്രമായ ബ്രെയിൻ വയർ മെഡി എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ നിർമിത ബുദ്ധി കൂടി ഈ ജീവൻ രക്ഷാ പദ്ധതിയിൽ പ്രയോജനപ്പെടുത്തുന്നു. പ്രത്യേക റോബട്ടിന്റെ സഹായത്തോടെയുള്ള പരിശീലന പരിപാടി ഡിസിപി ഐശ്വര്യ ഡോംഗ്രെ ഉദ്ഘാടനം ചെയ്യും. നെഞ്ചിലെ അമർത്തൽ ശരിയായ രീതിയിലാണോയെന്നും അപ്പോഴുണ്ടാകുന്ന വൈദ്യുത തരംഗങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ സഹായകമാണോയെന്നും വിലയിരുത്താനും ഇതു വഴി സാധിക്കും

കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) എങ്ങനെ?

കുഴഞ്ഞു വീണ ആളിനു ചുറ്റും ആളുകൾ കൂടി നിൽക്കരുത്. മതിയയാ വായു സഞ്ചാരം ഉറപ്പാക്കുക.

കുഴഞ്ഞു വീണയാളിൽ നിന്നു പ്രതികരണങ്ങളുണ്ടോയെന്നു പരിശോധിക്കുക.

ഉടൻ 108 ആംബുലൻസിനെ സഹായത്തിനായി വിളിക്കുക.

തലച്ചോറിലേക്കും കഴുത്തിലേക്കുമുള്ള രക്തവാഹിനി കുഴലുകളിൽ മിടിപ്പുണ്ടോയെന്നു 10 സെക്കൻഡ് നേരം പരിശോധിക്കുക.

പ്രതികരണം ഇല്ലെങ്കിൽ സിപിആർ ആരംഭിക്കുക

നെഞ്ചിന്റെ മധ്യഭാഗത്തായി വേണം അമർത്താൻ.

അമർത്തുന്നതിനു മുൻപ് ഈ രീതിയിൽ ഇരിക്കണം

നെഞ്ചിൽ 2 ഇഞ്ച് അഥവാ 5 സെ.മി ഉള്ളിലേക്ക് അമർത്തി പിന്നീടു വിടണം. മിനിറ്റിസ്‍ 120 തവണ എന്ന തോതിൽ വേണം അമർത്താൻ.

ഇങ്ങനെ അമർത്തുമ്പോൾ ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യും

വായിലൂടെ കൃത്രിമശ്വാസം നൽകുക

 

 

Leave a Reply

Your email address will not be published. Required fields are marked *