കുഞ്ഞുങ്ങൾ മുങ്ങിമരിക്കുന്നത് കണ്ടുനിൽക്കേണ്ടി വന്നു, സങ്കടം താങ്ങാനാകാതെ അച്ഛൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ചെന്നൈ: ക്ഷേത്രക്കുളത്തില്‍ മക്കള്‍ മുങ്ങിമരിക്കുന്നതു കണ്ടുനില്‍ക്കേണ്ടി വന്ന അച്ഛന്‍ മക്കളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചതിനു പിന്നാലെ ജീവനൊടുക്കി.
വെല്ലൂര്‍ ആപൂരിലെ കുന്നിന്‍ മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥിക്കെത്തിയ ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കള്‍ ജസ്വന്തും (8) ഹരിപ്രീതയും (6) ആണു മുങ്ങിമരിച്ചത്.
കൈലാസഗിരി കുന്നിലെ മുരുകന്‍ കോവിലെ കുളത്തിലാണു ദുരന്തമുണ്ടായത്. അമ്മ ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുക്കുന്നതിനിടെ അച്ഛനും മക്കളും കുളത്തിന്റെ കരയില്‍ വിശ്രമിക്കുകയായിരുന്നു. അതിനിടെ ഹരിപ്രീത കുളത്തിലേക്കു കാല്‍വഴുതി വീണു. അനിയത്തിയെ രക്ഷിക്കാനായി ജസ്വന്തും എടുത്തുചാടി. ഇരുവരെയും രക്ഷിക്കാന്‍ അച്ഛന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒരു മണിക്കൂറിനു ശേഷം അഗ്‌നിശമനസേന എത്തിയാണു കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുന്നിന്‍മുകളില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ മൃതശരീരം ചുമലിലേറ്റി 2 കിലോമീറ്റര്‍ നടന്നു. അച്ഛനും അമ്മയും കണ്ണീരോടെ പിന്നാലെയും.രാത്രി മുഴുവന്‍ ആമ്ബൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ അവര്‍ കരഞ്ഞു കഴിച്ചുകൂട്ടി. രാവിലെ ആശുപത്രിയില്‍നിന്ന് ഇറങ്ങി നേരെ പോയത് റെയില്‍വേ സ്റ്റേഷനിലേക്കാണ്.
പ്ലാറ്റ്‌ഫോമിലെ കടയില്‍ നിന്നു ജ്യൂസ് വാങ്ങിയ ലോകേശ്വരന്‍ അതില്‍ കീടനാശിനി കലര്‍ത്തി കഴിച്ചു. ബാക്കിയുണ്ടായിരുന്നത് കഴിക്കാന്‍ ശ്രമിച്ച ഭാര്യയെ അതിന് അനുവദിക്കാതെ തള്ളിത്താഴെയിട്ട് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെപ്പോഴേക്കും ലോകേശ്വരന്‍ മരിച്ചിരുന്നു. ഉത്തരാഖണ്ഡ് സ്വദേശികളായ ലോകേശ്വരനും ഭാര്യയും 10 വര്‍ഷമായി ആമ്ബൂരിലാണ് താമസം.