Thursday, January 9, 2025
Kerala

സിപിഐഎമ്മിന്റെ ജനകീയ ജാഥയില്‍ പങ്കെടുക്കണമെന്ന് ഭീഷണി; കൊയ്ത്ത് നിര്‍ത്തിച്ചെന്ന് കര്‍ഷകന്‍

സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടനാട്ടില്‍ കൊയ്ത്ത് നിര്‍ത്തിവച്ചതായി പരാതി. കണിയാംകടവ് പാടശേഖരത്തിലെ കൊയ്ത്താണ് പ്രാദേശിക നേതാക്കള്‍ എത്തിയതോടെ നിര്‍ത്തിവച്ചത്.

ആലപ്പുഴ തകഴിയിലുള്ള കണിയാംകടവിലാണ് സംഭവം. ഏഴ് മെഷീനുകളാണ് കൊയ്ത്തിനായി രാവിലെ മുതല്‍ പാടശേഖരത്തിലിറങ്ങിയത്. കൊയ്ത്ത് നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ടതോടെ വലിയ പ്രതിരോധത്തിലാണ് കര്‍ഷകരും. യന്ത്രത്തിനടക്കം വാടക കൊടുക്കാനുള്ളതുള്‍പ്പെടെ ബാധ്യതകള്‍ ഉള്ളപ്പോഴാണ് പാര്‍ട്ടി ജാഥ എത്തുന്നതിന്റെ ഭാഗമായി കൊയ്ത്ത് നിര്‍ത്തിച്ചത്.

സിപിഐഎം ജാഥയ്ക്ക് എത്തിയില്ലെങ്കില്‍ നാളെ മുതല്‍ ജോലിയുണ്ടാവില്ലെന്ന് കുട്ടനാട്ടിലെ കയറ്റിറക്ക് ജോലി ചെയ്യുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ ഭീഷണിയും. സിപിഐഎം കൈനകരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി രതീശന്‍ ആണ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്.

സിഐടിയു ലേബലില്‍ പാര്‍ട്ടി യൂണിയന്‍ അംഗങ്ങളല്ലാത്തവരും കുട്ടനാട് കൈനകരിയില്‍ ചുമട്ടു ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ പകുതിപ്പേരും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗങ്ങളല്ല. എന്നാല്‍ ചുമട്ടു ജോലി തൊഴിലാളികളായ മുഴവന്‍ പെരും ജാഥയില്‍ പങ്കെടുക്കണമെന്നാിയിരന്നു നിര്‍ദേശം. ജാഥയ്‌ക്കെത്തിയവര്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നും സിഐടിയു നേതാക്കള്‍ നിര്‍ദേശം നല്‍കി. ജാഥയ്‌ക്കെത്താന്‍ അസൗകര്യം പറഞ്ഞ തൊഴിലാളിയോട് നാളെ മുതല്‍ ജോലിയുണ്ടാവില്ലെന്നായിരുന്നു കൈനകരി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി രതീശന്റെ ഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *