‘ഓൺലൈൻ ഡെലിവറി’: ഗർഭിണിക്ക് വാട്ട്‌സ്ആപ്പ് കോളിലൂടെ സുഖപ്രസവം സാധ്യമാക്കി ഡോക്ടർ
ഗർഭിണിക്ക് വാട്ട്‌സ്ആപ്പ് കോളിലൂടെ സുഖപ്രസവം സാധ്യമാക്കി ഡോക്ടർ. ജമ്മു കശ്മീരിലെ വിദൂര ഗ്രാമമായ കേരനിലാണ് സംഭവം. കടുത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പ്രസവ സംബന്ധമായ സങ്കീർണതകൾ നേരിട്ട ഗർഭിണിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രധാന ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചിരുന്നില്ല. അമ്മയും നവജാതശിശുവും ആരോഗ്യവാന്മാരാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രസവവേദ അനുഭവപ്പെട്ട യുവതിയെ കേരൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എക്ലാംസിയ, എപ്പിസോടോമി തുടങ്ങിയ പ്രസവ സംബന്ധമായ സങ്കീർണതകൾ യുവതി നേരിട്ടിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ യുവതിയെ പ്രസവ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് അധികൃതർ അറിയിച്ചു. ശൈത്യകാലത്ത് കുപ്‌വാര ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് കേരൻ ഗ്രാമം ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
വായു മാർഗം മാത്രമേ യുവതിയെ മറ്റൊരു ആശുപത്രിയിൽ എത്തിക്കാൻ കഴിയൂ. എന്നാൽ വ്യാഴം, വെള്ളി ദിവസങ്ങളിലെ തുടർച്ചയായ മഞ്ഞുവീഴ്ച ഇതിന് തിരിച്ചടിയായി. ഇതോടെ ബദൽ മാർഗം തേടാൻ കേരൻ പിഎച്ച്‌സിയിലെ മെഡിക്കൽ ടീം നിർബന്ധിതരായി. ഇതോടെ ക്രാൾപോറ ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പർവേസ് വാട്ട്‌സ്ആപ്പ് കോളിലൂടെ യുവതിയുടെ പ്രസവം നടത്തുകയായിരുന്നു. കേരൻ പിഎച്ച്‌സിയിലെ ഡോ. അർഷാദ് സോഫിക്കും പാരാമെഡിക്കൽ സ്റ്റാഫിനും ഡോ. പർവേസ് നിർദ്ദേശങ്ങൾ നൽകി.
ആറ് മണിക്കൂറിന് ശേഷം ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് യുവതി ജന്മം നൽകി. നിലവിൽ അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെന്നും സുഖമായി ഇരിക്കുന്നതായും ക്രാൾപോറ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ മിർ മുഹമ്മദ് ഷാഫി പറഞ്ഞു.