ഗുലാബ് ചന്ദിൻ്റെ മുഖ്യമന്ത്രി മോഹം വെട്ടി പാർട്ടി, രാജസ്ഥാൻ പ്രതിപക്ഷ നേതാവ് ഇനി അസം ഗവർണർ
രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ഗുലാബ് ചന്ദ് കതാരിയ അസം ഗവർണറായി ഉയർന്നതോടെ, നാല് പതിറ്റാണ്ടിലേറെ നീണ്ട സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കൽ കൂടിയായി ഇതിനെ വിശേഷിപ്പിക്കാം. ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിൽ ആഴത്തിൽ വേരൂന്നിയ രാഷ്ട്രീയ പ്രവർത്തകനാണ് ഈ 78 കാരൻ. എട്ട് തവണ എംഎൽഎയായിട്ടുള്ള ഗുലാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യനാണ്. കതാരിയ അനുകൂലികൾ ആഘോഷമാക്കുമ്പോഴും ഈ നീക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പുതിയ നേതൃത്വത്തിന് വഴിയൊരുക്കാനുള്ള ബിജെപിയുടെ തന്ത്രമാണ്.
സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളിൽ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ പലപ്പോഴും അദ്ദേഹത്തിൻ്റെ മുഖ്യമന്ത്രി മോഹങ്ങൾക്ക് തടസ്സമായി മാറിയിട്ടുണ്ട്. തുടക്കകാലത്ത് ഇരുവരും തമ്മിലുള്ള ഭിന്നത അതിരൂക്ഷമായിരുന്നു. കതാരിയ മാറിയതോടെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ആരാണ് രാജസ്ഥാനിലെ പ്രതിപക്ഷ നേതാവാകുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. വസുന്ധര രാജെ, പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ് എന്നിവരുൾപ്പെടെ നിരവധി നേതാക്കളുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം സജീവ രാഷ്ട്രീയത്തിൽ നിന്ന് ഗുലാബിനെ നീക്കം ചെയ്യുന്നത് ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് പുതിയ നേതൃത്വത്തിന് വഴിയൊരുക്കാനുള്ള ബിജെപിയുടെ തന്ത്രമാണ്. ഉദയ്പൂരിൽ നിന്നുള്ള എംഎൽഎ എന്ന നിലയിൽ മേവാർ-വാഗഡ് മേഖലയിൽ കതാരിയയ്ക്ക് കാര്യമായ സ്വാധീനമുണ്ട്. ഗുജറാത്തിന്റെ അതിർത്തിയായ മേവാർ, പ്രത്യേകിച്ച് ബൻസ്വാര, ദുംഗർപൂർ, സിരോഹി തുടങ്ങിയ ജില്ലകളിൽ ഗണ്യമായ ഗോത്രവർഗ്ഗക്കാരുണ്ട്. മേവാറിലെ 40-50 സീറ്റുകളിൽ ഗോത്രവർഗക്കാർ, രജപുത്രർ, ജൈന സമുദായം എന്നിവരാണുള്ളത്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ഈ സീറ്റുകൾ ബിജെപിക്ക് നിർണായകമാണ്.