പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
മുൻ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നിയമസഭാംഗവുമായ സക്കീർ ഹൊസൈന്റെ വസതിയിൽ ആദായ നികുതി റെയ്ഡ്. വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയിൽ ഏകദേശം 11 കോടി രൂപ പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 3:30 വരെ നീണ്ടു.
മുൻ മന്ത്രിയുടെ വസതിയിലും ബീഡി ഫാക്ടറിയിലും മുർഷിദാബാദിലെ എണ്ണ മില്ലുകളിലുമായിരുന്നു റെയ്ഡ്. ഹുസൈന്റെ വീട്ടിൽ നിന്ന് ഒരു കോടിയോളം രൂപയും ഫാക്ടറികളിൽ നിന്ന് 10 കോടി രൂപയുമാണ് കണ്ടെത്തിയത്. ഇതേ ജില്ലയിലെ മറ്റ് രണ്ട് ബീഡി നിർമ്മാണ യൂണിറ്റുകളിൽ നിന്ന് 5.5 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇത് മറ്റ് വ്യക്തികളുടേതാണ്.
അതേസമയം ബീഡി ഫാക്ടറിയും നിരവധി മില്ലുകളും സ്വന്തമായുള്ള ഹുസൈൻ കണ്ടെടുത്ത പണത്തിന് രേഖകളുണ്ടെന്നും തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കരുതിയ പണമാണെന്നും അവകാശപ്പെട്ടു. പശ്ചിമ മുർഷിദാബാദ് ജില്ലയിലെ ജംഗിപൂരിൽ നിന്നുള്ള ടിഎംസി എംഎൽഎയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭരണത്തിലെ മുൻ തൊഴിൽ മന്ത്രിയുമാണ് ഹുസൈൻ.