കുന്നംകുളത്തെ വാഹനാപകടത്തില്‍ ദുരൂഹത; യുവതിയെ സുഹൃത്ത് കാറില്‍ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ്
തൃശ്ശൂര്‍ കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തില്‍ ദുരൂഹത. ഇന്ന് രാവിലെ ഏഴരയോടെയാണ് പട്ടാമ്പി റോഡില്‍ കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്നിരുന്ന യുവതി റോഡിലേക്ക് തെറിച്ച് വീണത്. പെരിയമ്പലം സ്വദേശി പ്രതീക്ഷയെ തലക്ക് പരുക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ തെറിച്ച് വീണ ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
പരുക്കേറ്റ യുവതിയുടെ സുഹൃത്ത് അര്‍ഷാദ് എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത്. യുവതിയെ ഇയാള്‍ കാറില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നും ഇത് സംബന്ധിച്ച പ്രശ്‌നങ്ങളാണ് വാഹനാപകടം ഉണ്ടാക്കുന്നതിലേക്ക് എത്തിയതെന്നും പൊലീസ് പറഞ്ഞു.
അപകടത്തില്‍ തലയ്ക്കാണ് യുവതിക്ക് പരുക്കേറ്റിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് ഓര്‍മ്മയില്ലെന്നായിരുന്നു നേരത്തെ ഇവര്‍ നല്‍കിയ മൊഴി. കുന്നംകുളം എസിപി ടി.എസ് സനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.