Sunday, April 13, 2025
National

ലഖിംപൂർ ഖേരി കേസ്; പ്രതി ആശിഷ് മിശ്രയുടെ സഹായികളിലൊരാൾ സാക്ഷിയെ ആക്രമിച്ചെന്ന് പരാതി

ലഖിംപൂർ ഖേരി കേസിലെ പ്രതി ആശിഷ് മിശ്രയുടെ സഹായികളിലൊരാൾ സാക്ഷിയെ ആക്രമിച്ചെന്ന് പരാതി. കേസിലെ പ്രധാന സാക്ഷിയായ പ്രബ്ജോത് സിംഗിനെയും അനുജൻ സർവജീത് സിംഗിനെയും വാൾ കൊണ്ട് ആക്രമിച്ചു എന്നാണ് പരാതി. ആക്രമണത്തിൽ സർവജീത് സിംഗിന് പരുക്കേറ്റു. എന്നാൽ, പ്രബ്ജോത് സിംഗ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ആക്രമണത്തിനു പിന്നിൽ പ്രതി ആശിഷ് മിശ്ര ആണെന്ന് പ്രബ്ജോത് സിംഗ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പരാതിനൽകുകയും ചെയ്തു. എന്നാൽ, ആക്രമണത്തിനു പിന്നിൽ ആശിഷ് മിശ്രയല്ലെന്ന് പൊലീസ് പറയുന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇതെന്നും പൊലീസ് അവകാശപ്പെടുന്നു.

ഇക്കൊല്ലം ജൂണിൽ കേസിലെ മറ്റൊരു സാക്ഷിക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് ദിൽബഗ് സിംഗിനു നേരെ രണ്ട് പേർ വെടിയുതിർത്തു. തൻ്റെ വാഹനത്തിൽ വീട്ടിലേക്ക് മടങ്ങവെ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അദ്ദേഹത്തിനെതിരായ ആക്രമണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

താൻ വാഹനമോടിച്ച് വരുമ്പോൾ അവർ വണ്ടിയുടെ ടയർ തകർത്തു എന്ന് അദ്ദേഹം പറഞ്ഞു. വണ്ടിയുടെ ഡോർ തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ അവർ കാറിനു നേർക്ക് രണ്ട് തവണ നിറയൊഴിച്ചു. അക്രമകാരികൾ വരുന്നതുകണ്ടപ്പോൾ നിലത്തേക്ക് ചാഞ്ഞിരുന്നു. വണ്ടിയുടെ ഗ്ലാസുകളിൽ ഡാർക്ക് ഫിലിം ഒട്ടിച്ചിരിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം അക്രമകാരികൾ ബൈക്കിൽ രക്ഷപ്പെട്ടു. തൻ്റെ ഗണ്മാൻ അന്ന് അടിയന്തിര അവധിയിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

2021 ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ നടന്ന ആക്രമണത്തിലെ ദൃക്സാക്ഷികളിൽ ഒരാളാണ് ദിൽബഗ് സിംഗ്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര തൻ്റെ വാഹനം കാർഷിക ബില്ലിനെതിരായ പ്രതിഷേധത്തിനു നേരെ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ 4 കർഷകരും ഒരു മാധ്യമപ്രവർത്തകനും അടക്കമുള്ളവർ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *