Friday, January 10, 2025
National

ലഖിംപൂർ കൊലപാതകം: ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ ഏഴര മണിക്കൂര്‍ പിന്നിട്ടു

 

ലൗഖ്നോ: യുപിയിലെ ലഖിംപൂരില്‍ നാലുകര്‍ഷകരുള്‍പ്പെടെ 9 പേരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ ഏഴരമണിക്കൂര്‍ പിന്നിട്ടു. ക്രൈംബ്രാഞ്ച് ഓഫിസില്‍ പ്രത്യേക അന്വേഷണ സംഘത്തിനുമുന്നില്‍ മറുപടി നല്‍കാനെത്തിയ ആശിഷിനെ ഇപ്പോളും യുപി പൊലീസ് ചോദ്യം ചെയ്യുകയാണ്. ആശിഷിന്റെ അറസ്റ്റുണ്ടാകുമെന്ന സൂചനകളാണ് ഇതിനിടെ പുറത്തുവരുന്നത്.

അറസ്റ്റുണ്ടായാല്‍ പ്രതിഷേധ സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ലഖിംപൂരിലുണ്ടായ സംഭവത്തില്‍ പങ്കില്ലെന്നും അപകടത്തിന് കാരണമായ വാഹനത്തില്‍ താനുണ്ടായിരുന്നില്ലെന്നുമാണ് ആശിഷ് മിശ്ര ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചത്.

അതിനിടെ കര്‍ഷകര്‍ക്കൊപ്പം ലഖിംപൂരില്‍ ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടതില്‍ പ്രതികരണവുമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകരുടെ മരണം കൊലപാതകമായി കാണാന്‍ കഴിയില്ലെന്ന് ടികായത്ത് പറഞ്ഞു. കര്‍ഷകരുടെ കൊലപാതകത്തിന് ശേഷമുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ലെന്നും രാകേഷ് ടികായത്ത് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *