Monday, January 6, 2025
National

‘ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ, രാഹുൽ തന്റെ പേരിലെ ഗാന്ധി ഒഴിവാക്കണം’; ഹിമന്ത ശർമ്മ

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ‘ഗാന്ധി’ എന്നത് കുടുംബ പേരായി തട്ടിയെടുത്തതാണ് കോൺഗ്രസ് നടത്തിയ ആദ്യ അഴിമതി. അഴിമതിയിൽ മുങ്ങി നിൽക്കുന്നവരാണ് രാഹുൽ ഗാന്ധിയും കുടുംബവും. രാഹുൽ തന്റെ പേരിലെ ‘ഗാന്ധി’ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുവാഹത്തിയിൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് അസം മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ‘ഗാന്ധി’ കുടുംബം സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഗാന്ധി പദവി തട്ടിയെടുത്തതാണ് ആദ്യ അഴിമതി. ഗാന്ധി കുടുംബം “ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ” ആണെന്നും അഴിമതികളിൽ മുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അധികാരത്തിലിരിക്കെ കോൺഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് ജനങ്ങളിൽ രാജ്യസ്‌നേഹത്തിന്റെ ആഴമായ വികാരം വളരുന്നതെന്നും ഹിമന്ത ശർമ്മ ഇതോടൊപ്പം ആരോപിച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 25 വർഷമോ 50 വർഷമോ കോൺഗ്രസ് ആഘോഷിച്ചിട്ടില്ലെന്നും എന്നാൽ, പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *