Saturday, January 11, 2025
NationalTop News

രോഗിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ നാല് കിലോമീറ്റര്‍ തോളില്‍ ചുമന്ന് നടന്ന് വയോധികന്‍; ഒടുവിൽ ചികിത്സ ലഭിക്കാതെ മരണം , സംഭവം മഹാരാഷ്ട്രയിലെ നന്ദുര്‍ബാർ ജില്ലയിൽ.

രോഗിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ നാല് കിലോമീറ്റര്‍ തോളില്‍ ചുമന്ന് നടന്ന് വയോധികന്‍. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനാല്‍ കൃത്യസമയത്ത് ചികില്‍സ ലഭിക്കാതെ ഭാര്യ അവസാനം ഭര്‍ത്താവിന്റെ തോളില്‍ കിടന്ന് മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ ചന്ദ്‌സെയ്‌ലി ഗ്രാമത്തിലെ താമസക്കാരിയായ ഷില്‍ദിബായ് പദ്‌വി അസുഖബാധിതയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയെങ്കിലും കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് ഭാര്യയെ തന്റെ തോളില്‍ ചുമന്ന് നടക്കുകയായിരുന്നു. നാല് കിലോമീറ്റര്‍ ഭാര്യയെ ചുമന്ന് വയോധികന്‍ നടന്നെങ്കിലും ആശുപത്രിയില്‍ എത്താന്‍ വൈകിയത് മൂലം അവസാനം മരണത്തിന് കീഴടങ്ങുകയായിരുന്നു.

മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ ഗര്‍ഭിണിയായ ആദിവാസി സ്ത്രീയെ എട്ട് കിലോമീറ്റര്‍ വടിയില്‍ കെട്ടി കൊണ്ട് പോയ സംഭവം കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. വനത്തിന് സമീപമുള്ള ഗ്രാമത്തിലേക്ക് റോഡില്ലാത്തത് മൂലമാണ് ഗര്‍ഭിണിയായ ഭാര്യയെ വടിയില്‍ തുണികെട്ടി അതില്‍ കിടത്തി കൊണ്ട് വന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. റോഡ് നിര്‍മ്മാണത്തിനായി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആരും നടപടിയെടുത്തില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.

 

 

Leave a Reply

Your email address will not be published. Required fields are marked *