Tuesday, April 15, 2025
National

‘എൻ്റെ സ്നേഹത്തിനു ലഭിച്ച സമ്മാനമാണിത്’; യുപിയിലെ റാലിയിൽ ബ്രിജ് ഭൂഷണിൻ്റെ കവിത

ഉത്തർ പ്രദേശിലെ റാലിയിൽ കവിത ചൊല്ലി ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ സിംഗ്. യുപിയിലെ ഗോണ്ടയിൽ, 2024 തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ റാലിയിൽ കവിതയോടെയാണ് ബ്രിജ് ഭൂഷൺ തൻ്റെ പ്രസംഗം ആരംഭിച്ചത്. സഹനം, ചതി, സ്നേഹം തുടങ്ങിയവയെപ്പറ്റിയായിരുന്നു കവിത.

‘ചിലപ്പോൾ നിങ്ങൾ കണ്ണീരു കുടിയ്ക്കും, ചിലപ്പോൾ സങ്കടം, മറ്റ് ചിലപ്പോൾ വിഷം. എങ്കിലേ നിങ്ങൾക്ക് സമൂഹത്തിൽ ജീവിക്കാനാവൂ. എൻ്റെ സ്നേഹത്തിനു ലഭിച്ച സമ്മാനമാണിത്. അവരെന്നെ നെറികെട്ടവനെന്ന് വിളിക്കുന്നു. അതിനെ കുപ്രസിദ്ധിയെന്നോ പ്രശസ്തിയെന്നോ വിളിക്കൂ, അവർ എന്റെ പേര് പുച്ഛത്തോടെ വിളിക്കുന്നു’- ബ്രിജ് ഭൂഷൺ പറഞ്ഞു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ കൈസർഗഞ്ജിൽ നിന്ന് വീണ്ടും മത്സരിക്കുമെന്നും ബ്രിജ് ഭൂഷൻ തൻ്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ മൊഴി പ്രായപൂർത്തിയാകാത്ത ഗുസ്തിതാരം മാറ്റിയത് കടുത്ത സമ്മർദം മൂലമാണെന്ന് സാക്ഷി മാലിക് പറഞ്ഞിരുന്നു. കേസിൽ വിട്ടുവീഴ്ച ചെയ്യാൻ കടുത്ത സമ്മർദമാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് സാക്ഷി മാലികും ബജ്രംഗ് പുനിയയും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പരാതി ഉന്നയിക്കുകയും സമരം ചെയ്യുകയും ചെയ്ത ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്താൻ ബ്രിജ് ഭൂഷണ് ആളുകളുണ്ട്. സമ്മർദത്തിന് വഴങ്ങിയാണ് ആ പെൺകുട്ടി ബ്രിജ് ഭൂഷണെതിരായ മൊഴി മാറ്റിപ്പറഞ്ഞത്. പെൺകുട്ടിയുടെ പിതാവ് കടുന്ന മാനസികസമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഗുസ്തി താരങ്ങൾ പറഞ്ഞു.

അന്വേഷണം അട്ടിമറിക്കാനും പരാതിക്കാരെ ഭീഷണിപ്പെടുത്താനും ശക്തിയും സ്വാധീനവുമുള്ള ആളാണ് ബ്രിജ് ഭൂഷൺ. ആദ്യദിവസം മുതൽ തന്നെ അയാളെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വിടാനും തങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നും സാക്ഷി മാലിക് പറഞ്ഞു. അന്വേഷണത്തിനുള്ള സമയപരിധി ജൂൺ 15ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഭാവി സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ മഹാപഞ്ചായത്തിൽ തീരുമാനിച്ചതായും ഗുസ്തി താരങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *