Tuesday, January 7, 2025
National

രാജ്യത്തെ ആദ്യ ‘ട്രാൻസ് ടീ സ്റ്റാൾ’ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ ‘ട്രാൻസ് ടീ സ്റ്റാൾ’ അസമിലെ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയെ ശാക്തീകരിക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഇന്ത്യൻ റെയിൽവേ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്.

രാജ്യത്തു തന്നെ ഇതാദ്യമായാണ് റെയിൽവേ സ്റ്റേഷനിൽ ഒരു ട്രാൻസ് ടീ സ്റ്റാൾ ആരംഭിക്കുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തെ ശാക്തീകരിക്കുന്നതിനായി നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (NEFR) ആണ് ‘ട്രാൻസ് ടീ സ്റ്റാൾ’ തുറക്കാനുള്ള ആശയം സൃഷ്ടിച്ച് നടപ്പിലാക്കിയത്. ഓൾ അസം ട്രാൻസ്‌ജെൻഡർ അസോസിയേഷന്റെ സജീവ സഹകരണം ലഭിച്ചതോടെ പദ്ധതി യാഥാർത്ഥ്യമായി. ഗുവാഹത്തി സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുള്ള ‘ട്രാൻസ് ടീ സ്റ്റാൾ’ വെള്ളിയാഴ്ച എൻഎഫ് റെയിൽവേ ജനറൽ മാനേജർ അൻഷുൽ ഗുപ്ത ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. മേഖലയിലെ മറ്റ് റെയിൽവേ സ്റ്റേഷനുകളിലും കൂടുതൽ ടീ സ്റ്റാൾ തുറക്കാൻ എൻഎഫ് റെയിൽവേ പദ്ധതിയിടുന്നതായി ഗുപ്ത പറഞ്ഞു. വിവിധ സർക്കാർ പദ്ധതികൾ പ്രകാരം വരും ദിവസങ്ങളിൽ കൂടുതൽ ട്രാൻസ്‌ജെൻഡർ ആളുകളെ പുനരധിവസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അസം ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് അസോസിയേറ്റ് വൈസ് ചെയർമാൻ സ്വാതി ബിദാൻ ബറുവ പ്രതികരിച്ചു.

ഭിന്നലിംഗക്കാരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമുള്ള ഉപപദ്ധതി ഉൾപ്പെടുന്ന പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികൾക്കായുള്ള ഉപജീവനത്തിനും സംരംഭത്തിനും വേണ്ടിയുള്ള സമഗ്ര പദ്ധതിക്ക് കേന്ദ്രം കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു. മറ്റ് റെയിൽവേ സ്റ്റേഷനുകളിലും ഇത്തരം ട്രാൻസ് ടീ സ്റ്റാളുകൾ പ്രവർത്തിപ്പിക്കാൻ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *