Tuesday, January 7, 2025
National

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കടന്നു. 126 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ശേഷമാണ് പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കടക്കുന്നത്. 24 മണിക്കൂറിനിടയില്‍ 22,854 പുതിയ പോസിറ്റീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

പ്രതിദിന കേസുകളില്‍ 85 ശതമാനവും രോഗബാധ കേരളം, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകളോടൊപ്പം മരണ സംഖ്യ ഉയരുന്ന സാഹചര്യവും കണക്കുകള്‍ രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ 13, 659 പോസിറ്റീവ് കേസുകളും 59 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഐസിഎംആറിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത 11 സ്വകാര്യ ലാബുകളുടെ അംഗീകാരം അമരാവതി ജില്ലാ ഭരണകൂടം റദ്ദാക്കി. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി.

അതേസമയം രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമായി തുടരുന്നു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്നത് അവസാനിപ്പിച്ചു. മൂന്നാം ഘട്ട പരീക്ഷണത്തിന് ശേഷം വാക്‌സിന്റെ ഫലപ്രാപ്തി പുറത്തുവിട്ടതിനെ തുടര്‍ന്നാണ് വാക്‌സിന് അടിയന്തര ഉപയോഗത്തിനായുള്ള അനുമതി ഡിസിജിഐ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *