തമിഴ്നാട്ടിൽ കാളയോട്ട മത്സരത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തമിഴ്നാട്ടിൽ കാളയോട്ട മത്സരത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെല്ലൂർ ലിങ്കുൺട്രം സ്വദേശി സുരേഷാണ് മരിച്ചത്.
വെല്ലൂർ ജില്ലയിലെ ദാംകാട്ട് താലൂക്കിലെ മറുദാവല്ലി പാളയം അണ്ണാനഗറിൽ രണ്ടു ദിവസം മുൻപെയായിരുന്നു മത്സരം. 215 കാളകൾ പങ്കെടുത്ത മത്സരത്തിൽ, കാണികളുടെ സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, സുരേഷ് ഉൾപ്പെടെയുള്ളവർ ബാരിക്കേഡ് മറികടന്ന് കാളയോടുന്ന വഴിയിൽ കാളയെ പിടിയ്ക്കാനായി എത്തി.
കാളയുടെ ആക്രമണത്തിൽ അഞ്ചു പേർക്കാണ് പരുക്കേറ്റത്. നെഞ്ചിൽ പിൻകാലുകൊണ്ട് ചവിട്ടേറ്റതിനെ തുടർന്ന് രക്തയോട്ടം നിലച്ച സുരേഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും തുടർന്ന് വെല്ലൂർ സർക്കാർ മെഡിക്കൽ കോളജിലേയ്ക്കും കൊണ്ടുപേയി. ഇന്നു രാവിലെയാണ് സുരേഷ് മരിച്ചത്. മത്സരത്തിന് മതിയായ സുരക്ഷാ ക്രമീകരണങ്ങളും വൈദ്യസഹായവും ഉറപ്പാക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.