Sunday, January 5, 2025
National

ജീൻസ്, ടി ഷർട്ട്, മേക്കപ്പ്, നഖം വളർത്തൽ വേണ്ട’ ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും നിയന്ത്രണവുമായി ഹരിയാന

ചണ്ഡീഗഢ്: ഹരിയാനയിൽ ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും ഡ്രെസ് കോഡിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബിജെപി സർക്കാർ. ജീൻസ്, ടി ഷർട്ട്, മേക്കപ്പ്, അസ്വാഭാവിക ​ഹെയർസ്റ്റൈൽ, നഖം വളർത്തൽ മുതലായവ പാടില്ലെന്ന് ആരോ​ഗ്യമന്ത്രാലയം കർശന നിർദേശം നൽകി. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കും എല്ലാ ജീവനക്കാർക്കും ആഴ്ചയിൽ ഏഴ് ദിവസവും, രാത്രി ഡ്യൂട്ടി സമയത്തും നിർദേശങ്ങൾ ബാധകമാണെന്ന് അധികൃതർ. ജോലിയിൽ പ്രൊഫഷണലിസം കൊണ്ടുവരാനാണ് നടപടിയെന്ന് സർക്കാർ വിശദീകരണം.

വ്യാഴാഴ്ച പുറത്തിറക്കിയ ഈ നയം എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും പരിശീലന വിദ്യാർത്ഥികൾക്കും ബാധകമാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു. ഒരു നിറത്തിലും ഉള്ള ജീൻസ് വസ്ത്രങ്ങളും അനുവദനീയമല്ല. അത് ഒദ്യോഗിക വസ്ത്രമോ സ്കേർട്ടോ അടക്കം ഏത് രൂപത്തിലുള്ളതായാലും. മറ്റ് പാവാടകൾ പലാസോകൾ തുടങ്ങി, ടി ഷർട്ടുകൾ, സ്ട്രെച്ച് ടി ഷർട്ട്, സ്ട്രെച്ച് പാന്റ്സ്, ഫിറ്റിംഗ് പാന്റ്സ്, ലെതർ പാന്റ്സ്, കാപ്രി, ഹിപ് ഹഗ്ഗർ, സ്വീറ്റ്പാന്റ്സ്, ടാങ്ക് ടോപ്പുകൾ, സ്ട്രാപ്പ്ലെസ്സ്, ബാക്ക്ലെസ് ടോപ്പുകൾ, ക്രോപ്പ് ടോപ്പ്, ഓഫ് ഷോൾഡർ ബ്ലൗസ് എന്നിവയടക്കം അനുവദനീയമല്ലെന്ന് മന്ത്രി വ്യക്തമാക്കി.

അസാധാരണമായ വസ്ത്രധാരണത്തോടൊപ്പം തന്നെ അത്തരം ഹെയർ സ്റ്റൈലുകളും വിലക്കിയിട്ടുണ്ട്. അസാധാരണമായ ആഭരണം ധരിക്കുന്നതും മേക്കപ്പ് ചെയ്യുന്നതും നഖം നീട്ടി വളർത്തുന്നതും സ്വീകാര്യമല്ല. മുടി വൃത്തിയാക്കി സൂക്ഷിക്കണം. പരമ്പരാഗതമല്ലാത്ത ഹെയർ സ്റ്റൈലുകൾ പാടില്ല. നഖങ്ങൾ കൃത്യസമയത്ത് മുറിക്കുകയും വൃത്തിയാക്കുകയും ചെയ്യണം. തൊഴിലാളിയുടെ പേരും സ്ഥാനപ്പേരും നെയിം ബോർഡിൽ പ്രദർശിപ്പിക്കണം. ചെരുപ്പും ഷൂവും മറ്റ് ഡിസൈനുകളൊന്നുമില്ലാത്ത പ്ലെയിൻ ആയിരിക്കണം. ഇതിനായി യൂണിഫോം വിഭാവനം ചെയ്യുമെന്നും ഇത് അതത് മെഡിക്കൽ ഉദ്യോഗസ്ഥർ ധരിക്കണമെന്നും മന്ത്രി പറഞ്ഞു.

­

Leave a Reply

Your email address will not be published. Required fields are marked *