Friday, January 10, 2025
National

കളിച്ചു കൊണ്ടിരുന്ന 5 വയസുകാരിയെ ഫ്ലാറ്റിലെ ലിഫ്റ്റിലെത്തിച്ച് പീഡിപ്പിച്ചു; എ.സി മെക്കാനിക് പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിൽ അഞ്ചുവയസുകാരിയെ യുവാവ് ലിഫ്റ്റിനുള്ളില്‍ വെച്ച് പീഡിപ്പിച്ചു. നവി മുംബൈയിലെ തലോജയിൽ ഒരു ഫ്ലാറ്റ് സമുച്ചയത്തിലാണ് ക്രൂരമായ പീഡനം നടന്നത്. ഫ്ലാറ്റിനുള്ളിലെ എ.സി നന്നാക്കാനായെത്തിയ മെക്കാനിക്കാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

സംഭവത്തില്‍ 19 കാരനായ എസി മെക്കാനിക്കിനെ സംഭവ സ്ഥലത്ത് വച്ചു തന്നെ പിടികൂടി. ചോദ്യം ചെയ്യലിന് ശേഷം തലോജ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- അപ്പാര്‍ട്ടുമെന്‍റിലെ ഒരു ഫ്ലാറ്റിലെ എ.സി നന്നാക്കാനെത്തിയതാണ് യുവാവ്. അറ്റകുറ്റപ്പണി കഴിഞ്ഞ് തിരികെ പടിക്കെട്ടുകളിറങ്ങി വരുമ്പോഴാണ് കൂട്ടുകാരോടൊപ്പം പാര്‍ക്കിംഗ് ഏരിയയില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ യുവാവ് കണ്ടത്.

പടിക്കെട്ടുകളിറങ്ങി താഴെയെത്തിയ യുവാവ് പെണ്‍കുട്ടിയെ ലിഫ്റ്റിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ലിഫ്റ്റിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു- തലോജ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ജിതേന്ദ്ര സോനവാനെ പറഞ്ഞു. സംഭവത്തിന് ശേഷം യുവാവ് ലിഫ്റ്റിന് പുറത്തേക്ക് പോയി.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി ഉടനെ തന്നെ ഓടി മൂന്നാം നിലയിലുള്ള ഫ്ലാറ്റിലെത്തി. കുട്ടി ഛര്‍ദ്ദിക്കുന്നത് കണ്ട് അമ്മ വിവരം ചോദിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടി സംഭവം അമ്മയെ അറിയിച്ചതോടെ അവര്‍ ഉറക്കെ വിളിച്ച് പുറത്തേക്ക് ഓടി പ്രതിയെ കണ്ടെത്തി. യുവതിയുടെ നിലവിളി കേട്ട് സെക്യൂരിറ്റിയും അയല്‍വാസികളും ഓടിയെത്തി പ്രതിയെ പിടികൂടി.

തുടര്‍‌ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പോക്സോ ചുമത്തിയാണ് പൊലീസ് 19 കാരനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. അതേസമയം ഫ്ലാറ്റിലെ സിസിടിവി അടക്കമുള്ളവ പൊലീസ് പരിശോധിച്ച് കൂടുതല്‍ തെളിവുകള് ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *