Saturday, October 19, 2024
National

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ബിജെപി ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനമായ ശ്രീകമലത്തില്‍ വച്ചുനടന്ന യോഗത്തിലാണ് പട്ടേലിന്റെ പേര് നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പട്ടേലിനെ തന്നെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തെ എംഎല്‍മാര്‍ ഐക്യകണ്‌ഠേന പിന്തുണയ്ക്കുകയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കുന്നതിനായി വെള്ളിയാഴ്ചയാണ് മുഴുവന്‍ മന്ത്രിസഭയ്‌ക്കൊപ്പം പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകരായി മുതിര്‍ന്ന ബിജെപി നേതാക്കളായ രാജ്നാഥ് സിംഗ്, ബി എസ് യെദ്യൂരപ്പ, അര്‍ജുന്‍ മുണ്ട എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അഹമ്മദാബാദിലെ ഘട്ലോദിയ നിയമസഭാ സീറ്റില്‍ നിന്ന് 1.92 ലക്ഷം വോട്ടുകള്‍ നേടിയാണ് പട്ടേല്‍ വിജയിച്ചത്. 182 അംഗ നിയമസഭയില്‍ 156 സീറ്റുകള്‍ നേടിയാണ് ബിജെപി ഗുജറാത്തില്‍ ചരിത്ര വിജയം നേടിയത്.

കോണ്‍ഗ്രസിന്റെ കോട്ടകളായ ഖേഡയിലെ മഹൂദ, തസ്ര, ആനന്ദിലെ ബൊര്‍സാദ്, വ്യാര എന്നിവയായിരുന്നു ഇത്തവണ ബിജെപി നേടിയ പ്രധാന സീറ്റുകള്‍. ബിജെപിയുടെ മോഹന്‍ കൊങ്കണിയാണ് വ്യാരാ സീറ്റ് നേടിയത്. ഗുജറാത്തിലെ 27 എസ്ടി സംവരണ സീറ്റുകളില്‍ 24ലും ബിജെപി വിജയിച്ചു, കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 12 സീറ്റുകളുടെ വര്‍ദ്ധനവാണുണ്ടായത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വോട്ടുകളും ബിജെപിക്ക് തുണയായി.

2017ല്‍ ഗുജറാത്തില്‍ ബിജെപി 99 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് 77 സീറ്റ് നേടി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. എന്‍സിപി, ബിടിപി, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ യഥാക്രമം 1, 2, 3 സീറ്റുകള്‍ വീതം നേടിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തിങ്കളാഴ്ച പട്ടേലിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.