Saturday, January 4, 2025
National

ബിപിന്‍ റാവത്തിന്‍റെ മരണം: ഹെലികോപ്ടർ മരത്തിലിടിച്ചിരുന്നെന്ന് ദൃക്‌സാക്ഷികൾ

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും മരിക്കാനിടായായ ഹെലികോപ്ടർ മരത്തിലിടിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. ഹെലികോപ്ടർ താഴ്ന്ന് പറക്കുകയും ശബ്ദത്തിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്തു. മഞ്ഞിനുള്ളിലേക്ക് ഹെലികോപ്ടർ പോയ ഉടൻ തന്നെ ഇടിച്ചു താഴെവീണു. മരിച്ചത് ആരാണെന്ന് അറിഞ്ഞത് വാർത്തകളിലൂടെയാണെന്നും വീഡിയോ ചിത്രീകരിച്ച രാമനാഥപുരം സ്വദേശികളായ ജോയും,അപകടസ്ഥലത്തുണ്ടായിരുന്ന നാസറും പറഞ്ഞു.

ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും രാജ്യം വിട നൽകി. ഡൽഹി ബ്രാർ സ്‌ക്വയറിൽ ഒരേ ചിതയിൽ ഇരുവർക്കും അന്ത്യവിശ്രമം ഒരുക്കി.17 ഗൺ ഷോട്ടുകളടക്കം പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

നാലരപ്പതിറ്റാണ്ട് കാലം രാജ്യത്തെ കാത്ത ധീര സൈനികന് വിട. വൈകിട്ട് അഞ്ച് മണിയോടെ ബിപിൻ റാവത്തിൻറെയും ഭാര്യ മധുലിക റാവത്തിൻറെയും ചിതയ്ക്ക് മക്കളായ കൃതികയും തരിണിയുമാണ് അഗ്‌നിപകർന്നത്. സൈന്യത്തിൻറെ ആദരമായി പതിനേഴ് ഗൺ ഷോട്ടുകൾ. പൂർണ സൈനിക ബഹുമതികളോടെ ഒരേ ചിതയിൽ അവർ. രാവിലെ പത്ത് മണിയോടെയാണ് ബിപിൻ റാവത്തിൻറെയും മധുലികയുടെയും മൃതദേഹം കാമരാജ് നഗറിലെ വീട്ടിലെത്തിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ, രാഹുൽഗാന്ധി അടക്കമുള്ള നിരവധി പ്രമുഖർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.. പൊതുദർശനത്തിനെത്തിയത് നൂറുകണക്കിന് പേർ. രണ്ട് മണിയോടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മൃതദേഹം ബ്രാർസ്‌ക്വയറിലേക്ക്..

ബ്രാർ സ്‌ക്വയറിലെ പൊതു ദർശനത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും സൈനികമേധാവികളും അടക്കമുള്ള പ്രമുഖരുടെ അന്ത്യാഞ്ജലി. ഒടുവിൽ മരണം സൃഷ്ടിച്ച ഞെട്ടൽ ഇനിയും മാറാതിരിക്കുന്ന ജനതയുടെ കണ്ണീരാഞ്ജലികൾ ഏറ്റുവാങ്ങി ബിപിൻ രാവത്ത് രാജ്യത്തിന്റെ ജ്വലിക്കുന്ന ഓർമയായി.

Leave a Reply

Your email address will not be published. Required fields are marked *