ഇതെങ്ങനെ സംഭവിച്ചു: ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ശിവസേന
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആളുകളിൽ സംശയമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടുത്ത കാലത്തായി ചൈനക്കും പാക്കിസ്ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക നീക്കങ്ങൾ രൂപപ്പെടുത്തുന്നതിൽ ജനറൽ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു അപകടം നടക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ സംശയമുണ്ടാകുന്നത് സ്വാഭാവികമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു
സായുധ സേനയെ നവീകരിച്ചതായി അവകാശപ്പെടുമ്പോൾ തന്നെ ഇത് എങ്ങനെ സംഭവിക്കുമെന്ന കാര്യമോർത്ത് തനിക്ക് അത്ഭുതം തോന്നുകയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ബുധനാഴ്ച ഊട്ടി കൂനൂരിനടുത്ത കട്ടേരി പാർക്കിലാണ് ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണത്. റാവത്തും ഭാര്യയും അടക്കം 13 പേർ അപകടത്തിൽ കൊല്ലപ്പെട്ടു.