ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും; സംസ്‌കാരം നാളെ
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിക്കും. വൈകുന്നേരം സൈനിക വിമാനത്തിലാണ് ഇവ ഡൽഹിയിലേക്ക് എത്തിക്കുക. അപകടത്തിൽ മരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹങ്ങളും ഡൽഹിയിൽ എത്തിക്കും. നാളെയാണ് ബിപിൻ റാവത്തിന്റെ സംസ്‌കാരം
ബുധാനാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിൻ റാവത്തും ഭാര്യയും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരും സുരക്ഷാ ഭടൻമാരും അടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്.
അപകടത്തെ കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തിയേക്കും. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമാക്കിയതെന്ന സൂചനയുണ്ട്. മരിച്ചവരിൽ മലയാളി സൈനികനും ഉൾപ്പെടുന്നു. അസിസ്റ്റന്റ് വാറന്റ് ഓഫീസർ എ പ്രദീപാണ് മരിച്ചത്. തൃശ്ശൂർ സ്വദേശിയാണ് അദ്ദേഹം. നാട്ടിൽ നിന്നും തിരികെ ജോലിയിലെത്തി നാലാം ദിവസമാണ് അപകടം സംഭവിക്കുന്നത്.