Saturday, January 4, 2025
National

ഒരു മുഖ്യമന്ത്രിക്കും ഈ ഓഫര്‍ നിരസിക്കാനാവില്ല…’; പരിഭവമില്ല, ഗെഹ്‍ലോട്ടിന് തള്ളാതെ രാഹുല്‍ ഗാന്ധി

ബംഗളൂരു: വ്യവസായ നിക്ഷേപത്തിന് രാജസ്ഥാനിലേക്ക് ഗൗതം അദാനിയെ ക്ഷണിച്ച മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ ന്യായീകരിച്ച് രാഹുല്‍ ഗാന്ധി. ഒരു മുഖ്യമന്ത്രിക്കും അത്തരമൊരു ഓഫര്‍ നിരസിക്കാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കുന്ന അത്തരമൊരു ബിസിനസ് ഒരു മുഖ്യമന്ത്രിയും നിരസിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാൻ സർക്കാർ അദാനി ഗ്രൂപ്പിന് ഒരു മുൻഗണനയും നൽകിയിട്ടില്ല.

അവർ അദാനിയെ ഒരു തരത്തിലും സഹായിച്ചിട്ടില്ല. ഏതാനും വ്യവസായികൾക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ബിജെപിയെ രാഹുല്‍ കടന്നാക്രമിക്കുകയും ചെയ്തു. ബിജെപി എന്തിനാണ് രണ്ട് മൂന്ന് വ്യവസായികൾക്ക് കുത്തക നൽകുന്നത് എന്നാണ് ചോദ്യം. അവര്‍ കുറച്ച് പേരിലേക്ക് മാത്രം പണം കുമിഞ്ഞു കൂടുന്നതിന് സഹായം നല്‍കുകയാണ് ചെയ്യുന്നത്. അദാനിയെ സഹായിക്കാൻ രാജസ്ഥാൻ സർക്കാർ ഒരു രാഷ്ട്രീയ അധികാരവും ഉപയോഗിച്ചിട്ടില്ല.

അങ്ങനെ അവര്‍ ചെയ്യുന്ന ദിവസം താനും സംസ്ഥാന സർക്കാരിനെതിരെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുലിന്‍റെ നിലപാടിനെ പിന്താങ്ങുന്ന പ്രതികരണമാണ് കോണ്‍ഗ്രസ് മീഡിയ സെല്‍ ഇന്‍ ചാര്‍ജ് ജയ്റാം രമേശും നടത്തിയത്. അശോക് ഗെഹ്‌ലോട്ടിന്‍റെ അദാനിയുമായുള്ള കൂടിക്കാഴ്ചയെച്ചൊല്ലി ഏറെ മാധ്യമപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. രാജസ്ഥാനിൽ ഏകദേശം 60,000 കോടി നിക്ഷേപിക്കാനാണ് അദാനി ആഗ്രഹിക്കുന്നത്.

നിക്ഷേപം വേണ്ടെന്ന് ഒരു മുഖ്യമന്ത്രിയും പറയില്ലെന്നും ജയ്റാം രമേശ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, രാജസ്ഥാനില്‍ നടക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു ഗൗതം അദാനി. ഇവിടെ വച്ചാണ് , നാല്‍പതിനായിരം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കാനുള്ള വമ്പന്‍ നിക്ഷേപം സംസ്ഥാനത്ത് ഏഴ് വര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമാക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ ക്രിക്കറ്റ് സ്റ്റേഡിയവും, മെഡിക്കല്‍ കോളേജ് ആശുപത്രികളും ഗൗതം അദാനി വാഗ്ദാനം ചെയ്തു. 

Leave a Reply

Your email address will not be published. Required fields are marked *