‘സനാതന ധർമ്മത്തിൽ ഇടഞ്ഞ് തന്നെ’; പ്രധാനമന്ത്രി അടുത്തുണ്ടായിട്ടും ജോ ബൈഡന് കൈകൊടുത്ത് എം കെ സ്റ്റാലിൻ
ജി20 ഉച്ചകോടിയിൽ ജോ ബൈഡനൊപ്പമുള്ള ചിത്രം പങ്കുവച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രിയും അടുത്തുണ്ടെങ്കിലും ജോ ബൈഡന് ഹസ്‌ത ദാനം നൽകുന്ന ചിത്രമാണ് സ്റ്റാലിൻ പങ്കുവച്ചത്.സനാതന വിഷയത്തിൽ കേന്ദ്രസർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ് തമിഴ്നാട് സർക്കാർ.
ജി20 അനുബന്ധിച്ചുള്ള അത്താഴ വിരുന്നിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം ചർച്ചയാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിൻ പങ്കുവച്ചു.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ചടങ്ങിൽ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിൻ. രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിൽ നിന്ന് വിട്ടുനിന്നാൽ ദേശീയതയോടു ചേർന്നു നിൽക്കാത്ത നേതാവ് എന്ന ആക്ഷേപം ബിജെപി ഉന്നയിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് സ്റ്റാലിൻ ഡൽഹിയിൽ എത്തിയത്.
അതേസമയം നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കും വേദിയായ ജി 20 ഉച്ചകോടിക്ക് സമാപനം. ജി 20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറിൽ G 20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. G20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് ഉച്ചകോടി. ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.