ജി 20 ഉച്ചകോടി; യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡല്‍ഹിയിലെത്തി. ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. മൂന്നു വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്.
ഇരുരാജ്യങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കാത്ത സാഹചാര്യത്തില്‍ ഇരു നേതാക്കന്മാരുടെയും കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്.
നൈജീരിയ പ്രസിഡന്റ് ബോല അഹ്‌മദ് ടിനുബു, മൊറീഷ്യസ് പ്രസിഡന്റ് പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ് തുടങ്ങിയവര്‍ എത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ , ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവര്‍ നാളെ രാവിലെയെത്തും.
ജി 20 ഉച്ചകോടി നടക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കാനിരിക്കുന്ന 18-ാമത് വാര്‍ഷിക ജി20 ഉച്ചകോടി, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര ഉച്ചകോടികളിലൊന്നാണ്. സന്ദര്‍ശകരായ നേതാക്കളുടെയും പ്രതിനിധികളുടെയും സുരക്ഷയ്ക്ക് പുറമെ ഭക്ഷണവും പ്രത്യേക ശ്രദ്ധയോടെയാണ് ഒരുക്കിയിരിക്കുന്നത്.