Saturday, January 4, 2025
National

‘പ്രധാനമന്ത്രി ചെങ്കോൽ ഏറ്റുവാങ്ങിയ ദിവസം തന്നെ അത് വളഞ്ഞുപോയി’; വിമര്‍ശനം ആവർത്തിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോൽ പ്രധാനമന്ത്രി ഏറ്റുവാങ്ങിയ ദിവസം തന്നെ അത് വളഞ്ഞുപോയി എന്ന് ആവർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചെങ്കോൽ ചോളപരമ്പരയുടെ യഥാർത്ഥ പാരമ്പര്യം പേറുന്നതാണെങ്കിൽ തമിഴ്നാടിന് അഭിമാനം തന്നെയാണ്. എന്നാൽ പല ചരിത്രകാരന്മാരും ഈ ചെങ്കോലിന് ചോളരാജവംശവുമായി യാതൊരു ബന്ധവുമില്ല എന്നാണ് പറയുന്നതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്നത് നാം കണ്ടുവെന്നും സ്റ്റാലിൻ പറഞ്ഞു. വിദേശപര്യടനത്തിന് ശേഷം തിരിച്ചെത്തിയ ശേഷം ചെന്നൈയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്‍റെ നയം തമിഴ്നാട്ടിലും നടപ്പാക്കിത്തുടങ്ങിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിമര്‍ശിച്ചു. ആദായ നികുതി വകുപ്പിനേയും സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും മറ്റ് സംസ്ഥാനങ്ങളിലേപ്പോലെ തമിഴ്നാട്ടിലും തുടങ്ങി. സ്റ്റാലിൻ വിദേശപര്യടനത്തിന് തിരിച്ചതിന് തൊട്ടുപിന്നാലെ തമിഴ്നാട് വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇഡി വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതൊക്കെയാണെങ്കിലും കേന്ദ്രസർക്കാരിന് എതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിൽ ഡിഎംകെ മുൻനിരയിൽ ഉണ്ടാകും. ഇത് സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തുമെന്നും സ്റ്റാലിൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *