Thursday, January 23, 2025
National

മേൽ ഉദ്യോഗസ്ഥൻ്റെ പീഡനം; എ.എസ്‌.ഐ സ്വയം വെടിവച്ച് മരിച്ചു

  

പഞ്ചാബിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. എഎസ്‌ഐ സതീഷ് കുമാറാണ് മരിച്ചത്. രാവിലെ സ്റ്റേഷനിലുള്ളിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. മേൽ ഉദ്യോഗസ്ഥൻ്റെ പീഡനത്തിൽ ആത്മഹത്യ ചെയ്യുന്നതെന്ന് സതീഷ് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഹോഷിയാർപൂരിലെ ഹരിയാന പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ച തണ്ട സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഓങ്കാർ സിംഗ് തന്നെ അസഭ്യം പറഞ്ഞതായി സതീഷ് കുമാർ ആരോപിക്കുന്നു. “പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ അടുത്ത ദിവസം പരിഗണിക്കാനിരുന്ന കേസുകളെ കുറിച്ച് എസ്.എച്ച്.ഒ ചോദിച്ചു. താൻ കൈകാര്യം ചെയ്യുന്നത് ഒരു കേസ് മാത്രമാണെന്നും, മറ്റ് കേസുകളുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് ചോദിച്ചറിയണമെന്നും അദ്ദേഹത്തോട് പറഞ്ഞു.” – സതീഷ് വീഡിയോയിൽ പറയുന്നു.

ഉത്തരത്തിൽ തൃപ്തനാകാത്ത എസ്‌എച്ച്‌ഒ അസഭ്യം പറയാനും, അപമാനിക്കാനും തുടങ്ങി. കരണമില്ലാതെയാണ് എന്നെ അപമാനിച്ചത്. ജീവിക്കുന്നതിൽ ഇനി അർത്ഥമില്ലെന്ന് എനിക്ക് തോന്നുന്നു. ഞാൻ സ്വയം ജീവൻ ഒടുക്കുന്നു.”- സതീഷ് കൂട്ടിച്ചേർത്തു. പിന്നാലെ സ്റ്റേഷനിൽ തൻ്റെ കസേരയിലിരുന്ന് സർക്കാർ റിവോൾവർ ഉപയോഗിച്ച് സതീഷ് നെറ്റിയിൽ വെടിയുതിർക്കുകയായിരുന്നു. വീഡിയോയ്ക്ക് പുറമേ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

സംഭവം അറിഞ്ഞ് സ്റ്റേഷന് അകത്തും പുറത്തും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജീവനൊടുക്കിയ എഎസ്ഐ സതീഷ് കുമാറിന്റെ ബന്ധുക്കളും പൊലീസ് സ്റ്റേഷനിൽ എത്തി. മൃതദേഹം കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്‌എച്ച്‌ഒയെ മാറ്റിയതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *