കൊവിഡിന് പുതിയ ആന്റിബോഡി ചികിത്സ; രണ്ട് രോഗികള്‍ 12 മണിക്കൂറിനകം സുഖം പ്രാപിച്ചു
ന്യൂഡല്‍ഹി: കൊവിഡിന് പുതിയ ആന്റിബോഡി ചികിത്സ ഫലപ്രദമാണെന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രി അധികൃതര്‍. രണ്ട് കൊവിഡ് രോഗികളില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത മോണോക്‌ളോണല്‍ ആന്റിബോഡി ചികിത്സാ രീതി പരീക്ഷിച്ചു വിജയിച്ചതായി ആശുപത്രി അറിയിച്ചു. പുതിയ ചികില്‍സ മൂലം 12 മണിക്കൂറിനകം രോഗികള്‍ ആശുപത്രി വിട്ടുവെന്ന് ആശുപത്രി അവകാശപ്പെട്ടു.
36 വയസുള്ള ഒരു ആരോഗ്യപ്രവര്‍ത്തകനിലും 80 വയസ് കഴിഞ്ഞ പി.കെ റസ്ദാന്‍ എന്ന ഡയബറ്റിക് രോഗിയിലുമാണ് മോണോക്‌ളോണല്‍ ആന്റിബോഡി ചികിത്സാ രീതി പ്രയോഗിച്ചത്. ആരോഗ്യപ്രവര്‍ത്തകന് കടുത്ത പനി, ചുമ, ശരീരവേദന, കടുത്ത തളര്‍ച്ച എന്നീ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ചികിത്സയെടുത്ത് 12 മണിക്കൂറിനകം ഇദ്ദേഹത്തിന് ആശുപത്രി വിടാന്‍ കഴിഞ്ഞു.
രണ്ടാമത്തെ രോഗിയായ റസ്ദാന് കടുത്ത പനി, ശരീര വേദന, കടുത്ത പ്രമേഹം എന്നിവയുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഹൈപര്‍ടെന്‍ഷനും ശരീരത്തിലെ ഓക്‌സിജന്‍ അളവിലെ കുറവും ആശങ്കയുണ്ടാക്കുന്നതായിരുന്നു. പുതിയ ചികിത്സാരീതി അദ്ഭുതകരമായ മാറ്റങ്ങളാണ് ഇദ്ദേഹത്തില്‍ വരുത്തിയത്. റസ്ദാന്‍ 12 മണിക്കൂറിനകം ആശുപത്രി വിട്ടു.
ശരിയായ രീതിയില്‍ ശരിയായ സമയത്ത് ഉപയോഗിച്ചാല്‍, മോണോക്‌ളോണല്‍ ആന്റിബോഡി കൊവിഡ് ചികിത്സാ രംഗത്ത് വിപ്‌ളവകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പൂജാ ഖോസ്ല പറഞ്ഞു.
കടുത്ത രോഗികളില്‍ പോലും ഈ ചികിത്സാ രീതി കൊണ്ട് ആശുപത്രി വാസം ഒഴിവാക്കാന്‍ സാധിക്കുമെന്നും സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍ ചികിത്സയില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. ബ്ലാക് ഫംഗസ് പോലുള്ള രോഗബാധയില്‍ നിന്നും ഈ ചികിത്സ മൂലം ഒഴിവാകാന്‍ സാധിക്കുമെന്നും പൂജ ഖോസ്ല പറഞ്ഞു.