വാക്‌സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ
വാക്സിൻ നയത്തിൽ സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. വാക്സിൻ നയം വിവേചനമില്ലാത്തതെന്നും, കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും വ്യക്തമാക്കി സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. ഒട്ടേറെ കൂടിയാലോചനകൾക്ക് ശേഷമാണ് വാക്സിൻ നയം രൂപീകരിച്ചത്. ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന തുല്യത, ജീവിക്കാനുള്ള അവകാശം എന്നിവ ഉറപ്പ് നൽകുന്നതാണ് വാക്സിൻ നയം.
എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ ഒരേ നിരക്കിൽ ലഭ്യമാകും എന്ന് ഉറപ്പിച്ചിട്ടുണ്ട്. വാക്സിൻ സൗജന്യമായി നൽകുമെന്ന് സംസ്ഥാന സർക്കാരുകൾ നയം പ്രഖ്യാപിച്ച സാഹചര്യത്തിൽ വാക്സിൻ വില ജനങ്ങളെ ബാധിക്കില്ല.