Sunday, April 13, 2025
National

H3N2 പനി; രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു

H3N2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഹരിയാനലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 90 പേർക്ക് H3N2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യ മരണം സംഭവിച്ചത് കർണാടകയിലായിരുന്നു.

കർണാടകയിൽ 82 വയസുകാരനായിരുന്ന ഹിര ഗൗഡയാണ് മാർച്ച് 1ന് എച്ച്3എൻ2 പനി ബാധിച്ച് മരിച്ചത്. മരണകാരണം എച്ച്3എൻ2 വൈറസ് തന്നെയാണെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാനയിൽ രാജ്യത്തെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

ഹോങ്ങ് കോങ്ങ് ഫ്‌ളൂ എന്നും അറിയപ്പെടുന്ന എച്ച്3എൻ2 ന്റെ ലക്ഷണങ്ങൾ പനി, ചുമ, മേലുവേദന, മൂക്കൊലിപ്പ് എന്നിവയാണ്. ചിലരിൽ ഛർദി, വയറിളക്കം എന്നിവയും കണ്ടുവരാറുണ്ട്. പതിനഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലും 65 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാരിലുമാണ് വൈറസ് കൂടുതലായും കണ്ടുവരുന്നത്. ഗർഭിണികളെയും വൈറസ് കൂടുതലായി ബാധിച്ച് കാണാറുണ്ട്.

കുറച്ച് ദിവസങ്ങളായിട്ടും വിട്ട് മാറാത്ത പനിയുള്ളവർ ഉടൻ ഡോക്ടറുടെ സേവനം തേടണമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. ഡോക്ടർ നിർദേശിച്ചാൽ മാത്രമേ ആന്റിബയോട്ടിക്കുകൾ കഴിക്കാൻ പാടുള്ളുവെന്നും വിദഗ്ധർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *