ലഖിംപൂർ കൊലപാതകം; കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ ഡ്രൈവർ അറസ്റ്റിൽ
ലഖിംപൂരിൽ കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അപകട സമയം കാർ ഓടിച്ചിരുന്ന അങ്കിത് ദാസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
അതിനിടെ കേസിൽ ആരോപണവിധേയനായ മന്ത്രി പുത്രൻ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ക്രൈംബ്രാഞ്ച് ഓഫിസിന് പിൻ വാതിലിലൂടെയാണ് ഇയാൾ എത്തിയത്. സുരക്ഷ ഒരുക്കി പൊലീസും കൂടെയുണ്ടായിരുന്നു. ലഖിംപൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇയാൾക്കെതിരെ കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ട് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബർ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂർ സംഘർഷം നടന്നത്. അജയ് മിശ്രയ്‌ക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെ മകൻ ആശിഷ് മിശ്ര വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. സംഭവത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൊല്ലപ്പെട്ട കർഷകരുടെ വീട് സന്ദർശിച്ചിരുന്നു.