ഇന്ന് ഒക്ടോബർ 9 ; ലോക തപാൽ ദിനം
1874 ൽ ബെർണെയിൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായ ദിവസത്തിന്റെ ഓർമയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 9 ലോക തപാൽ ദിനമായി ആഘോഷിക്കുന്നു. ഒക്ടോബർ 15 വരെ നീളുന്ന ദേശീയ തപാൽ വാരാഘോഷത്തിന്റെ തുടക്കം കുറിക്കുന്നതും ഈ ദിനത്തിൽ തന്നെയാണ്.
പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിലും തൊഴിലിലും തപാൽ മേഖലയുടെ സ്വാധീനത്തെയും ആഗോള സാമൂഹിക-സാമ്പത്തിക വികസനത്തിൽ തപാൽ മേഖലയുടെ സംഭാവനകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യം. ദേശീയ തപാൽ വാരാഘോഷത്തിന്റെ ഓരോ ദിവസവും വകുപ്പ് നൽകുന്ന സേവനങ്ങളിലൊന്ന് ഉയർത്തിക്കാട്ടുന്നതിനായി നീക്കിവച്ചിരിക്കുന്നു.
സാധാരണയായി തപാൽ വാരാഘോഷത്തിന്റെ ഭാഗമായി വകുപ്പിന്റെ വിവിധ പങ്കാളികളുമായി ബന്ധപ്പെട്ടുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് ഈ വർഷത്തെ മിക്ക പരിപാടികളും വെർച്വൽ ആയാണ് സംഘടിപ്പിക്കുക. എന്നിരുന്നാലും, മാന്യ ഉപഭോക്താക്കളെ ബഹുമാനിക്കുന്നതിനുള്ള പരിപാടികൾ, പ്രചാരണ പ്രവർത്തനങ്ങൾ, ജീവനക്കാർക്കുള്ള മത്സരങ്ങൾ, അവാർഡുകളുടെ വിതരണം, ദുരന്ത ലഘൂകരണം എന്ന വിഷയത്തിൽ കുട്ടികൾക്കായുള്ള ഡ്രോയിംഗ് മത്സരം, കുട്ടികൾക്കായുള്ള ഉപന്യാസ മത്സരം, വനവൽക്കരണ യത്നം തുടങ്ങിയവ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിൽ സംഘടിപ്പിക്കുന്നുണ്ട്.