ഇന്ന് നിശബ്ദ പ്രചാരണം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നാളെ
നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണമാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പോർവിളികളുമായുള്ള പരസ്യപ്രചാരണം ഇന്നലെ വൈകുന്നേരത്തോടെ അവസാനിച്ചിരുന്നു. കൊട്ടിക്കലാസം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നുവെങ്കിലും ഒട്ടും ശോഭ കുറയാതെയാണ് മുന്നണികളും പാർട്ടികളും തങ്ങളുടെ പരസ്യപ്രചാരണം അവസാനിപ്പിച്ചത്
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് കോടി എഴുപത്തിനാല് ലക്ഷം വോട്ടർമാരാണ് ജനവിധി നിർണയിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പോളിംഗ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒമ്പത് മണ്ഡലങ്ങളിൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ്
കൊവിഡ് പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഒരു ബൂത്തിൽ പരമാവധി ആയിരം പേർക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം. പോളിംഗിന്റെ അവസാന മണിക്കൂർ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനുള്ളതാണ്.