മനീഷ് സിസോദിയയ്ക്ക് മേല്‍ ഇ ഡി കുരുക്കും; സിബിഐ കസ്റ്റഡിയിലിരിക്കെ എഎപി നേതാവിനെ ഇ ഡിയും അറസ്റ്റ് ചെയ്തു
ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആയിരുന്ന മനോഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തു. സിബിഐ കസ്റ്റഡിയിലിരിക്കകയാണ് സിസോദിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയ അഴിമതിയിലെ സാമ്പത്തിക ഇടപാട് കേസില്‍ ആണ് ഇ ഡിയുടെ നടപടി. സിസോദിയയുടെ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് ഇ ഡിയുടെ നടപടിയുണ്ടായിരിക്കുന്നത്.
മദ്യനയ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ ഇ ഡി സിസോദിയയെ രണ്ട് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി അറസ്റ്റിലേക്കും കടന്നിരിക്കുന്നത്. ഇ ഡിയുടെ ഈ നീക്കം സിബിഐ കോടതിയില്‍ നിന്ന് ജാമ്യം നേടുന്നതിനുള്ള സിസോദിയയുടെ ശ്രമങ്ങള്‍ കൂടുതല്‍ പ്രയാസമുള്ളതാക്കുകയാണ്. നാളെ സിബിഐ കോടതി സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയും കള്ളപ്പണ കേസില്‍ നാളെത്തന്നെ സിസോദിയയെ ഇ ഡി കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
ഡല്‍ഹിയിലെ റോസ് അവന്യു കോടതിയാണ് ഈ മാസം 20 വരെ സിസോദിയയെ റിമാന്‍ഡ് ചെയ്തത്. മനീഷ് സിസോദിയ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നും അന്വേഷണത്തോട് സഹകരിയ്ക്കുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.