ത്രിപുരയിൽ ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
ത്രിപുരയിൽ ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കുക. മുഖ്യമന്ത്രി മണിക് സഹ, ത്രിപുര ബിജെപി അധ്യക്ഷൻ രാജിബ് ഭട്ടാചാർജീ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
അതേസമയം, ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം. ബിജെപി നേതാക്കൾ ഹെലികോപ്റ്ററുകളിൽ പണം കടത്തുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. നേതാക്കളുടെ ഹെലികോപ്റ്ററുകളും വാഹനങ്ങളും പരിശോധിക്കണം എന്ന് സിപിഐഎം ആവശ്യപ്പെട്ടു. ബിജെപി അനുകൂല ഏജൻസികളെ പോളിംഗ് ബൂത്തുകളിൽ വീഡിയോ ഗ്രാഫർമാരായി നിയമിച്ചിട്ടുണ്ട് എന്നും പരാതിയിൽ പറയുന്നുണ്ട്.
അതിനിടെ, ത്രിപുരയിൽ നീക്കു പൊക്കുമാത്രമെന്ന് ഇടത് പാർട്ടികളും കോൺഗ്രസും ആവർത്തിക്കുമ്പോഴും പ്രചരണ രംഗത്ത് സഖ്യത്തിന്റെ രൂപത്തിലാണ് ഇരുകൂട്ടരുടെയും പ്രവർത്തനം. കോണ്ഗ്രസ് വേദികളും വാഹനങ്ങളും ചെങ്കൊടി ഏന്തുമ്പോൾ, ഇടതു വേദികളിൽ കോണ്ഗ്രസ് പതാക കൾക്ക് കുറവില്ല.
2013 വരെ കോണ്ഗ്രസ് കോട്ടയായിരുന്ന രാംനഗറിൽ പ്രചാരണത്തിന് എത്തിയ പി ബി അംഗം ബ്രിന്ദ കരാട്ട്, കേരളത്തിലെ ഇടത് പക്ഷത്തിന്റെ നേട്ടങ്ങൾ ഓരോന്നും എണ്ണി എണ്ണി പറഞ്, കേരള മോഡൽ മുൻ നിർത്തിയാണ് വോട്ട് തേടിയത്.