Thursday, January 23, 2025
National

ഫെബ്രുവരിയോടെ മൂന്നാം തരംഗം ശക്തമാകും; കടുത്ത നിയന്ത്രണങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങൾ

 

ഫെബ്രുവരിയോടെ രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഒരാളിൽ നിന്നും എത്ര പേരിലേക്ക് രോഗം വ്യപിക്കുമെന്നത് രോഗവ്യപനത്തിന്റെ വേഗത തീരുമാനിക്കുമെന്നാണ് മദ്രാസ് ഐഐടിയിൽ നടത്തിയ പരിശോധനയിൽ പറയുന്നത്. ഇത് ഫെബ്രുവരിയോടെ ഒരാളിൽ നിന്നും ആറ് പേരിലേക്ക് എന്ന കണക്കിലേക്ക് ഉയരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോൾ രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

മഹാരാഷ്ട്ര, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ മൂന്നാം തരംഗം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,434 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം ടിപിആർ 28 ശതമാനം കടന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. 10,12 ക്ലാസുകൾ ഒഴികെ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിടാനും ഹോട്ടലുകൾ റസ്റ്ററന്റുകൾ, മാളുകൾ എന്നിവിടങ്ങളിൽ 50 ശതമാനം പേർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുകയെന്നും മഹാരാഷ്ട്ര അറിയിച്ചു.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും നിയന്ത്രണങ്ങൾ ബാധകമാകും. അതേസമയം കേരളം പൂർണ്ണമായ അടച്ചിടലിലേക്ക് പോകില്ലെന്നാണ് ആരോഗ്യ മന്ത്രി മാധ്യമങ്ങളെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *