പുതുമുഖങ്ങളെ അണിനിരത്തി ഗുജറാത്ത് പിടിച്ച മോദി സ്ട്രാറ്റജി
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തുടർച്ചയായ ഏഴാം തവണയും ഗുജറാത്ത് എതിരില്ലാതെ വിജയക്കൊടി പാറിച്ചു. 158 മണ്ഡലങ്ങളിൽ കാവിക്കൊടി പാറിച്ച ബിജെപി എക്സിറ്റ് പോൾ ഫലങ്ങൾക്കും മുകളിൽ നിൽക്കുന്ന പ്രകടനമാണ് നടത്തിയത്. കോൺഗ്രസ് വീണ്ടും ചുരുങ്ങിയപ്പോൾ ആം ആദ്മി പാർട്ടി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു എന്നതും ഈ തെരഞ്ഞെടുപ്പിൻ്റെ ബാക്കിപത്രങ്ങളാണ്.
പതിറ്റാണ്ടുകളായി ഗുജറാത്ത് അടക്കിഭരിക്കുന്ന ബിജെപി ഇക്കുറിയും തുടരുമെന്ന് ഉറപ്പായിരുന്നെങ്കിലും ഇത്ര വലിയ വിജയം നേടുമെന്ന് കരുതപ്പെട്ടിരുന്നില്ല. എന്നാൽ, പല സീറ്റുകളിലും അനുഭവസമ്പത്തും മുഖപരിചയവുമുള്ള മുതിർന്ന നേതാക്കളെ മാറ്റി പുതുരക്തങ്ങളെ പരീക്ഷിച്ച് ഇത്ര മികച്ച വിജയം കൊയ്ത ബിജെപി മോഡൽ ഏറെ പ്രശംസിക്കപ്പെടുകയാണ്. ആം ആദ്മി പാർട്ടിയുടെ കനത്ത ഭീഷണി നിലനിന്നിരുന്ന സൂറത്തിലൊഴികെ ബാക്കിയെല്ലാ ഇടങ്ങളിലും കൂടുതൽ സീറ്റുകളിലും ബിജെപി പരിഗണിച്ചത് പുതുമുഖങ്ങളെയാണ്.
രാജ്കോട്ടിലെ നാല് സീറ്റുകളിലും ബിജെപി പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കി. അരവിന്ദ് റയ്യാനി, ഗോവിന്ദ് പട്ടേൽ തുടങ്ങിയവർക്കൊക്കെ സ്ഥാനം നഷ്ടപ്പെട്ടു. അഹ്‌മദാബാദിൽ 15 സ്ഥാനാർത്ഥികളിൽ 12 പേരെയും ബിജെപി നീക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അടക്കം മൂന്ന് സിറ്റിംഗ് എംഎൽഎമാർക്ക് മാത്രമേ അഹ്‌മദബാദിൽ വീണ്ടും മത്സരിക്കാൻ അവസരം ലഭിച്ചുള്ളൂ. മുൻ ധനമന്ത്രി കൗശിക് പട്ടേലിനും സ്ഥാനം നഷ്ടമായി.
സൂറത്തിലാണ് ഈ ട്രെൻഡിനൊരു മാറ്റം കണ്ടത്. 11 സിറ്റിംഗ് എംഎൽഎമാരിൽ 9 പേരും സ്ഥാനം നിലനിർത്തി. കാംരേജിലും ഉദാനയിലും മാത്രമാണ് പുതുമുഖങ്ങൾ മത്സരിച്ചത്.